മുട്ടില്‍മരം മുറി ; മുന്‍കൂര്‍  ജാമ്യാപേക്ഷ  ഹൈക്കോടതി തള്ളി

0

മുട്ടില്‍ മരംമുറികേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.പ്രതികളായ റോജി അഗസ്റ്റിന്‍,ആന്റോ അഗസ്റ്റിന്‍,ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും റിസര്‍വ് വനമല്ല മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം. വനം വകുപ്പിന്റെ അടക്കം അനുമതിയോടെയാണ് മരം മുറിക്കല്‍ നടന്നതെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.

എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ചു നീക്കിയതെന്നും കോടി കണക്കിന് രൂപയുടെ മരം കൊള്ള നടന്നെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.അതിനിടെ മുട്ടില്‍ മരംമുറിക്കല്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് റവന്യൂമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി നല്‍കും. കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയില്‍ കര്‍ഷകേതര പ്രവര്‍ത്തികള്‍ അനുവദിക്കണമെന്ന ശ്രദ്ധക്ഷണിക്കല്‍ എം എം മണി അവതരിപ്പിക്കും. മരംമുറിക്കലില്‍ വീഴ്ച പറ്റിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭയില്‍ സമ്മതിച്ചിരുന്നു. ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായും വനം മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളിപ്പെട്ടിരുന്നു.മുട്ടില്‍ മരംമുറിക്കലില്‍ മാത്രം 14 കോടിയുടെ നഷ്ടമുണ്ടായി. കൃത്യമായ വിവരം ലഭിക്കണമെങ്കില്‍ ഇനിയും കണ്ടെത്താനുള്ള മരങ്ങള്‍ കണ്ടെത്തി വിജിലന്‍സിന്റെ സഹായത്തോടെ വില കണക്കാക്കണം. താന്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യമായിക്കൊള്ളണമെന്നില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!