തോല്‍വി അറിയാതെ ബ്രസീലും അര്‍ജന്റീനയും കിരീടപ്പോരാട്ടത്തിലേക്ക്.

0

തോല്‍വി അറിയാതെ ബ്രസീലും അര്‍ജന്റീനയും കിരീടപ്പോരാട്ടത്തിലേക്ക്.

കോപ്പ അമേരിക്കയില്‍ ഇത്തവണ തോല്‍വി അറിയാതെയാണ് ബ്രസീലും അര്‍ജന്റീനയും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ഇരു ടീമിന്റെയും ഫൈനലിലേക്കുള്ള വഴി എങ്ങനെയെന്ന് നോക്കാം.

ഷൂട്ടൗട്ട് കടന്ന് അര്‍ജന്റീന

ചിലെയോട് സമനില വഴങ്ങി തുടങ്ങിയ അര്‍ജന്റീന പിന്നെ പുറത്തെടുത്തത് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമായിരുന്നു. ഉറുഗ്വേയെയും പരാഗ്വേയെയും ഓരോ ഗോളിന് മറികടന്ന ലിയോണല്‍ മെസിയും സംഘവും ബൊളീവിയയെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്ത് ക്വാര്‍ട്ടര്‍ പ്രവേശനം ആഘോഷമാക്കി. അര്‍ജന്റീന ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ മൂന്ന് ഗോളിന് വീഴ്ത്തിയപ്പോള്‍ സെമിയില്‍ കൊളംബിയക്കെതിരെ ഷൂട്ടൗട്ട് അതിജീവിക്കേണ്ടിവന്നു. മൂന്ന് ഗംഭീര സേവുകളുമായി ഗോളി എമിലിയാനോ മാര്‍ട്ടിന്‍സാണ് രക്ഷകനായത്.

ബ്രസീലിനും ഒരു സമനില

അതേസമയം വെനസ്വേല, പെറു, കൊളംബിയ എന്നിവരെ തോല്‍പിച്ച ബ്രസീല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ 10 ഗോള്‍ നേടിയപ്പോള്‍ രണ്ടെണ്ണം മാത്രമേ വഴങ്ങിയുള്ളൂ. അര്‍ജന്റീന ഏഴ് ഗോള്‍ കണ്ടെത്തിയപ്പോള്‍ രണ്ടെണ്ണം വാങ്ങി. ബ്രസീല്‍ ക്വാര്‍ട്ടറില്‍ ചിലെയെയും സെമിയില്‍ പെറുവിനെയും ഒറ്റ ഗോളിന് മറികടന്ന് ജൈത്രയാത്ര തുടര്‍ന്നു.

അര്‍ജന്റീനയുടെ അഞ്ചും ബ്രസീലിന്റെ ഒന്‍പതും താരങ്ങള്‍ ഗോള്‍പട്ടികയില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.ആറ് മത്സരങ്ങളില്‍ നാല് ഗോളുകളുമായി ലിയോണല്‍ മെസിയാണ് ഇവരില്‍ മുന്നില്‍.

ഞായറാഴ്ച പുലര്‍ച്ചെ സ്വപ്ന ഫൈനല്‍

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് കോപ്പയുടെ കലാശപ്പോരില്‍ ബ്രസീലിനെ അര്‍ജന്റീന നേരിടുന്നത്. ലിയോണല്‍ മെസിയും-നെയ്മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിര്‍ത്താന്‍ നെയ്മറുടെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അര്‍ജന്റീന ലക്ഷ്യമിടുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!