ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണം:പത്രപ്രവര്‍ത്തക അസോസിയേഷന്‍
മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് കേരള പത്ര പ്രവര്‍ത്തക അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക പത്ര പ്രവര്‍ത്തക ക്ഷേമനിധി എന്ന പേരില്‍ പ്രത്യേക ക്ഷേമനിധിയും, ബോര്‍ഡും,സര്‍ക്കാര്‍ രൂപീകരിക്കണമെന്നും മിനിമം വേതനം ഉറപ്പാക്കണമെന്നും ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.അംഗങ്ങള്‍ക്ക് ഐ.ഡി.കാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കാവുഞ്ചോല, റസാഖ് സി. പച്ചിലക്കാട്, ഷരീഫ് മീനങ്ങാടി, കെ.വി.സാദിഖ് പനമരം, എ.ജെ ചാക്കോ എന്നിവര്‍ സംസാരിച്ചു.ജില്ലയില്‍ വാര്‍ത്താ – മാധ്യമ മേഖലയിലെ അംഗീകൃത സംഘടനകളുടേയോ, പ്രസ്‌ക്ലബ്ബുകളുടെയോ അംഗീകാരമില്ലാതെ കൂണുപോലെയാണ് ഓരോ ദിവസവും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുളച്ചു പൊങ്ങുന്നത്. സാമ്പത്തികം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ വ്യാജ ഐഡി കാര്‍ഡുകളും വാഹനങ്ങളില്‍ സ്റ്റിക്കറും പതിച്ച് മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന പൊതുനിരത്തില്‍ വിലസുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.