ബിസ്സിനസ് വര്‍ധിച്ചിട്ടും ജീവനക്കാരുടെ എണ്ണം കൂട്ടാത്ത നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്റെയും, കേരള ഗ്രാമീണ്‍ ബാങ്ക് ഓഫിസേഴ്സ് യൂനിയന്റെയും നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 8 മുതല്‍ 17 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫിസിന് മുന്നിലും റീജ്യനല്‍ ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും.30ന് ഏകദിന പണിമുടക്ക് സമരം നടത്തുമെന്നും ഭാരവാഹികളായ കെ അജയ്കുമാര്‍, എസ് ഭാസ്‌കരന്‍, എ ഐബിന്‍, ജെ ജസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
അഞ്ചു വര്‍ഷത്തിനിടെ ബാങ്കിന്റെ ബിസിനസില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായിട്ടും ജീവനക്കാരുടെ എണ്ണം രണ്ടു ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. ഗ്രാമീണ്‍ ബാങ്കുകളില്‍ ബിസിനസ് അനുസരിച്ച് വ്യത്യസ്ഥ കേഡറുകളില്‍ ആവശ്യമായ ജീവനക്കാരുടെ എണ്ണം തീരുമാനിക്കാന്‍ നിയോഗിക്കപ്പെട്ട മാന്‍പവര്‍ കമ്മിറ്റിയായ മിത്ര കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 2500ലധികം ഒഴിവുകളാണ് കേരള ഗ്രാമീണ്‍ ബാങ്കില്‍ നിലവിലുള്ളത്. എന്നാല്‍ പൊതുമേഖല ബാങ്കുകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ 267 ഒഴിവുകള്‍ മാത്രമാണുള്ളത്. ബാങ്കിന്റെ മിക്ക ശാഖകളിലും ജീവനക്കാരുടെ അഭാവമുണ്ടെന്നിരിക്കെ, ബാങ്കിന്റെ സ്പോണ്‍സര്‍ ബാങ്കായ കനറാ ബാങ്കിന്റെ തീരുമാന പ്രകാരമാണ് നിയമന നിരോധനം നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. മുഴുവന്‍ തസ്തികകളിലും നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാര്‍ഡ് വെയര്‍, ടെക് പ്രൊഡക്ട്സ് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം നടത്തുന്നത്.