അകിടുവീക്ക നിര്‍മ്മാര്‍ജ്ജന യജ്ഞവുമായി മാനന്തവാടി ക്ഷീരസംഘം
പശുക്കളില്‍ ഉണ്ടാകുന്ന അകിടുവീക്കം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് മില്‍മയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയ്ക്ക് മാനന്തവാടി ക്ഷീര സംഘത്തില്‍ തുടക്കമായി.സംഘം പരിധിയിലെ മുഴുവന്‍ സാമ്പിള്‍ പരിശോധിച്ച് അകിടുവീക്കം കാണപ്പെടുന്ന പശുക്കളെ കര്‍ഷകരുടെ വീടുകളിലെത്തി നേരില്‍ പരിശോധിച്ച് മരുന്നുകളും കന്നുകാലികള്‍ക്കാവശ്യമായ പ്രതിരോധ മരുന്നുകളും നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്.
കോവിഡിനെ തുടര്‍ന്ന് എല്ലാ മേഖലകളിലും ഉണ്ടായ പ്രതിസന്ധി ക്ഷീരമേഖലയെയും ബാധിച്ചിട്ടുണ്ട്. പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും വിപണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും ക്ഷീരമേഖലയിലേക്ക് പുതുതായി സംരഭകര്‍ വരുന്നതിനാല്‍ ഉല്‍പാദനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. കാലിതീറ്റ വില വര്‍ദ്ധന ക്ഷീര കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. ഇതോടൊപ്പം തന്നെയാണ് ഭാരിച്ച ചികിത്സാ ചെലവുകള്‍ വരുന്ന അകിടുവീക്കം ഉള്‍പ്പടെയുള്ള രോഗങ്ങള്‍. ഇത്തരത്തിലുള്ള പശുക്കളെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതോടെ പാലിന്റെ ഗുണനിലവാരം വര്‍ദ്ധിക്കുകയും ചെയ്യും.
ക്യാമ്പയിന് മില്‍മ വി.ആര്‍.പി. റീസബേബി, ക്ഷീരസംഘം സെക്രട്ടറി മഞ്ജുഷ, ജീവനക്കാരായ പ്രദീഷ്, അഭിലാഷ് , ഡയറക്ടറായ സോന .ടി.ജെ.എന്നിവര്‍ നേതൃത്വം നല്‍കി.
…………….