അക്രമിക്കെതിരെ നടപടിയില്ല ആരോപണവുമായി യുവതി

0

വീട്ടില്‍ കയറി ആക്രമിച്ച അയല്‍വാസിയെ അറസ്റ്റ് ചെയ്യാതെ ജാമ്യം ലഭിക്കാനുള്ള സാഹചര്യമാണ് പോലീസ് സൃഷ്ടിക്കുന്നതെന്ന് മീനങ്ങാടി റാട്ടക്കുണ്ട് കൊച്ചുമലയില്‍ കെസിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഏപ്രില്‍ മൂന്നാം തീയതി അയല്‍വാസി വീട്ടില്‍ അതിക്രമിച്ചു കയറി അനിയത്തിയെ ചവിട്ടുകയും രക്ഷിതാക്കളെ ഹെല്‍മെറ്റ് കൊണ്ട് അടിക്കുകയും ചെയ്തുവെന്നും, ആക്രമണത്തില്‍ ജേക്കബിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടുവെന്നും കാണിച്ച് പോലീസില്‍ നല്‍കിയ പരാതിയില്‍ പുരോഗതിയില്ലെന്നും കെസിയ പറഞ്ഞു.തനിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും കെസിയ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പരിക്കേറ്റ കുടുംബത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ലെന്നും കെസിയ പറഞ്ഞു.കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കല്‍പ്പറ്റ എസ് പി ഓഫീസില്‍ നിന്നും വിളിച്ച് അന്വേഷിച്ചിരുന്നു. തുടര്‍ന്നും പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അതിന് ശേഷമാണ് ബത്തേരി ഡി വൈ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചതും അന്വേഷണം ഊര്‍ജിതമെന്ന് പറയുകയും ജില്ലാ കോടതിയില്‍ നിന്ന് അയല്‍വാസിയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അറിയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും ഹൈക്കോടതിയിലേക്ക് രേഖകള്‍ അയച്ചിരിക്കുകയാണെന്നുമാണ് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചതിനാലാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ടായതെന്നും കെസിയ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!