വീഡിയോ വൈറലായി കേസെടുത്ത് പൊലീസ്

0

വാറ്റുചാരായത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടാകുന്നതും പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുന്നതുമായ വീഡിയോയാണ് കഴിഞ്ഞ ദിവസം വൈറലായത്.വീഡിയോ യൂട്യൂബിലിട്ടതോടെ യാഥാര്‍ത്ഥ്യത്തില്‍ നടന്ന സംഭവമാണെന്നായിരുന്നു ഭൂരിഭാഗം പേരും കരുതിയത്. എന്നാല്‍ പിന്നീടാണ് ഇതൊരു മെയ്ക്കിംഗ് വീഡിയോയാണെന്ന് മനസിലാകുന്നത്.വണ്ടിക്കടവിലെ എട്ട് യുവാക്കളാണ് യൂട്യൂബിന് വേണ്ടി വീഡിയോ ഷൂട്ട് ചെയ്തത്.വീഡിയോയുമായി ബന്ധപ്പെട്ട് മാസ്‌ക്ക് ധരിക്കാത്തതിനും, കൂട്ടംകൂടിയതിനുമടക്കം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന കാരണത്താല്‍ കേസെടുത്ത പുല്‍പ്പള്ളി പോലീസ് ഇവരില്‍ നിന്നും 1000 രൂപ വീതം പിഴയടപ്പിച്ച് വിടുകയും ചെയ്തു.

പുല്‍പ്പള്ളി വണ്ടിക്കടവ് സ്വദേശികളായ അനീഷ് ചന്ദ്രന്‍, റോബിന്‍ കെ വി,ശ്രീക്കുട്ടന്‍ രമേശ്,സിനു ടി ജെ, അഭിന്‍ എം വി, യുജിന്‍ ജോസ്,രാഹുല്‍ സി സി,വിഷ്ണു ഇ വി എന്നിവര്‍ ചേര്‍ന്നായിരുന്നു വീഡിയോ ചെയ്തത്. ജൂണ്‍ 23ന് സി സി ടി വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കായി എറണാകുളത്ത് പോയ സമയത്താണ് ഇത്തരത്തില്‍ ഒരു ആശയത്തിലേക്ക് ഇവരെത്തുന്നത്. കുക്കിംഗ് വീഡിയോസ് അടക്കം യൂട്യൂബിലിട്ടാല്‍ സ്വീകാര്യത ലഭിക്കില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു സംഘട്ടനരംഗം ചിത്രീകരിക്കാന്‍ തീരുമാനിച്ചത്. എറണാകുളത്ത് നിന്നും രൂപം കൊണ്ട ആശയം വയനാട്ടിലെത്തിയ ശേഷം പ്ലാന്‍ ചെയ്ത് ഷൂട്ട് ചെയ്യുകയായിരുന്നു. രണ്ട് ക്യാമറാമാന്‍മാരും അഞ്ച് മൊബൈല്‍ ക്യാമറകളുമാണ് ഷൂട്ടിംഗിനായി ഉപയോഗിച്ചത്. ഏഴ് പേര്‍ അഭിനയിക്കുകയും ചെയ്തുവെന്നും അനീഷ് പറഞ്ഞു. ജൂണ്‍ 29നാണ് വീഡിയോ എഡിറ്റെല്ലാം ചെയ്ത് യൂട്യൂബിലിടുന്നത്. ആദ്യദിവസം തന്നെ മൂവായിരത്തോളം പേരാണ് വീഡിയോ കണ്ടത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റുകളുമായെത്തുകയും ചെയ്തു. ഇതിനിടയിലാണ് വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതും കേസെടുക്കുന്നതും. പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വിളിച്ചുവരുത്തിയ യുവാക്കളെ പിഴയടപ്പിച്ച് വിടുകയായിരുന്നു. ആദ്യവീഡിയോയുടെ മെയ്ക്കിംഗ് വീഡിയോ ഉടന്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്യാനിരിക്കുകയായാണ് ഈ യുവാക്കള്‍. വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന യുവാക്കള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളോടെ ജോലിയില്ലാതായിരുന്നു. ഇതോടെയാണ് യൂട്യൂബ് ചാനല്‍ ആരംഭിക്കാനുള്ള തീരുമാനത്തിലെത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!