കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകള്‍ ഭക്തിനിര്‍ഭരമായിരിക്കും.
മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരണം വന്നതോടെ ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ജിഫ്രി മുത്തുക്കോയ തങ്ങള്‍ തുടങ്ങിയവര്‍ ഇന്ന് വ്രതകാലത്തിന് തുടക്കമാകുന്നതായി പ്രഖ്യാപിച്ചു ഒമാനിലും ഇന്നാണ് റമദാന്‍ വ്രതാരംഭം.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനകളില്‍ മുഴുകാന്‍ ലോകത്തെമ്പാടും വിശ്വാസികള്‍ തയ്യാറായി കഴിഞ്ഞു. പളളികളിലും വീടുകളിലും നേരത്തെ വിശ്വാസികള്‍ ഇതിനുളള ഒരുക്കങ്ങള്‍ നടത്തിയിരുന്നു.
പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേല്‍ക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസര്‍പ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.
സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്.ഇതില്‍ അവസാനത്തെ പത്തില്‍ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാള്‍ പുണ്യകരവുമായ രാവാണ് ലൈലത്തുല്‍ ഖദ്ര്. ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.