ബഷീര്‍ദിനത്തില്‍ ശ്രദ്ധേയമായി ദൃശ്യാവിഷ്‌കാരം

0

ബഷീറിന്റെ 27-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് പൂമല ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബഷീറിന്റെ പൂവന്‍പഴം എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി. സ്‌കൂളിലെ വൈഗാലക്ഷ്മി, ഡിയോണ്‍ തോമസ് എന്നി വിദ്യാര്‍ത്ഥികളാണ് വീട് തന്നെ വേദിയാക്കി പൂവന്‍പഴത്തിന് ദൃശ്യ ചാരുത നല്‍കിയിരിക്കുന്നത്. കൊവിഡ് പശ്ചാതലത്തിലും, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ പഠനത്തിന് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഈ സ്‌കൂള്‍പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃകയാവുകയാണ്.

കൊവിഡ് പ്രതിസന്ധികാരണം കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മലയാളത്തിന്റെ ഇമ്മിണി വല്യഎഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മദിവസത്തില്‍ സ്‌കൂളിലെ സഹപാഠികളും, അയല്‍വാസികളുമായ വൈഗലക്ഷ്മി,ഡിയോണ്‍ തോമസ് എന്നീ വിദ്യാര്‍ത്ഥികള്‍ അവരുടെ വീട് തന്നെ വേദിയാക്കി ബഷീറിന്റെ പൂവന്‍പഴം എന്ന കൃതിയുടെ ദൃശ്യ ഭാഷചമച്ചത്. പൂവന്‍പഴം എന്ന ചെറുകഥയിലെ പ്രധാന കഥാപാത്രങ്ങളായ അബ്ദുഖാദറായി ഡിയോണ്‍ തോമസും, വൈഗാലക്ഷ്മി ജമീലയായുമാണ് വേഷംപകര്‍ന്നത്. മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി എഡിറ്റിങ് അടക്കം നിര്‍വ്വഹിച്ചത് ഡിയോണ്‍ തോമസിന്റെ പിതാവായ തോമസ് മാത്യുവാണ്. തുടര്‍ന്ന്് ഈ വീഡിയോ വിദ്യാര്‍ഥികളുടെ ഗ്രൂപ്പിലേക്ക് അയച്ചു. ഇത് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുയാണ്. ഏതു പ്രതികൂല സാഹചര്യം ഉണ്ടായാലും അതിനെ തരണം ചെയ്ത് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് പൂമല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളും പിടിഎയും. ബഷീര്‍ ദിനത്തില്‍ അധ്യാപകനും മോട്ടിവേഷണല്‍ ട്രെയിനറും സജേഷ് കെ വി വിദ്യാര്‍ഥികള്‍ക്ക് ബഷീര്‍ കഥകളുടെ പരിചയപ്പെടുത്തല്‍ ഓണ്‍ലൈനായി നടത്തി. വീഡിയോയുടെ പ്രകാശനകര്‍മ്മം സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടോം ജോസും, പ്രോഗ്രാമിന്റെ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസും നിര്‍വഹിച്ചു. പ്രധാനധ്യാപിക ഷീബ പി, പി ടി എ പ്രസിഡന്റ് അനില്‍കുമാര്‍, അധ്യാപകരായ ഗീത പി പി, മോളി ചെറിയാന്‍, എന്‍ പി നിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!