ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതങ്ങളുടെ മുഖമുദ്രയാകണം
മാനന്തവാടി : സ്‌നേഹത്തിന്റെ സന്ദേശം മാത്രം പകര്‍ന്ന് നല്‍കുന്ന മതങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖമുദ്രയാക്കണണെന്ന് കിഡ്‌നി ദാനത്തിലൂടെ നാടിന് മാതൃകയായ ഫാ. ഷിബു കുറ്റിപറിച്ചേല്‍ പറഞ്ഞു. രോഗികളെയും വദനയും പ്രയാസവും അനുഭവിക്കുന്നവരെയും സഹായിക്കുന്നതിന് സമൂഹമാകെ തയ്യാറാകണം. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നിര്‍മ്മിക്കുന്ന കൃപാലയം ഗൈഡന്‍സ് സെന്ററിലേക്കുളള ധനസഹായം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ ബസേലിയോസ്ബാവായുടെ തിരുശേഷിപ്പ് സ്ഥാപിതമായതോടെ മലബാറിന്റെ കോതമംഗലമെന്ന വിശേഷണം ലഭിച്ച തൃശിലേരി മാര്‍ ബസേലിയോസ് യാക്കോബായ പളളി കൃപാലയത്തിന്റെ നിര്‍മ്മാണത്തിനായി നല്‍കുന്ന 3.20ലക്ഷം രൂപ വികാരി ഫാ. ജോര്‍ജ് നെടുന്തളളിയില്‍ കൈമാറി. ട്രസ്റ്റി പി.കെ. സ്‌കറിയ, സെക്രട്ടറി ജോണി പുളിക്കക്കുടി, ലിജോ പി. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.