തറവില നിശ്ചയിച്ച് കര്‍ഷകരില്‍നിന്നു സുഗന്ധവ്യഞ്ജനങ്ങളും നാണ്യവിളകളും സംഭരിക്കുമെന്ന് ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലവേഴ്സ് ഫോറം ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കാര്‍ഷിക വിളകള്‍ കൂടിയ വിലയില്‍ വിപണിയില്‍ വിറ്റഴിച്ച് ഇടനിലക്കാര്‍ നടത്തുന്ന കര്‍ഷക ചൂഷണത്തിന് തടയിടുന്നതിനാണ് തറവില നിശ്ചയിച്ചുള്ള സംഭരണമെന്നും ഭാരവാഹികള്‍ പറഞ്ഞു.ബത്തേരി മാതമംഗലത്തുള്ള ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലവേഴ്സ് ഫോറത്തിനു കീഴിലാണ് ഗ്രീന്‍സ് ഫാര്‍മേഴ്സ് ഫോറം രൂപീകരിച്ചത്.
ഫാര്‍മേഴ്സ് ഫോറത്തില്‍ അംഗങ്ങളായ കര്‍ഷകര്‍ ഗുണനിലവാരം ഉറപ്പുവരുത്തി ഉത്പാദിപ്പിക്കുന്ന കുരുമുളക്, ചുക്ക്, മഞ്ഞള്‍, ഏലം, ഗ്രാമ്പു, ജാതി തുടങ്ങിയ സുഗന്ധവിളകളും കാപ്പി, കശുവണ്ടി എന്നീ നാണ്യവിളകളുമാണ് തറവില നിശ്ചയിച്ചു സംഭരിക്കുക. പൊതു വിപണിയിലേക്കാള്‍ ഉയര്‍ന്നതായിരിക്കും ഓരോ വിളയുടെയും തറവില. ഫോറം ചുമതലപ്പെടുത്തുന്നവര്‍ കര്‍ഷകരുടെ വീടുകളിലെത്തിയാണ് തുടക്കത്തില്‍ വിളകള്‍ സംഭരിക്കുക. വില അപ്പോള്‍ത്തന്നെ നല്‍കും. സംഭരണത്തിനു ഭാവിയില്‍ മുനിസിപ്പല്‍, പഞ്ചായാത്ത് ആസ്ഥാനങ്ങളില്‍ സംവിധാനം ഒരുക്കും.
കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ടെറോവ എന്ന ബ്രാന്‍ഡ് നാമത്തില്‍ രാജ്യത്തിനകത്തും പുറത്തും വിപണികളില്‍ ലഭ്യമാക്കും. മൂല്യവര്‍ധന നടത്തിയതടക്കം ഉത്പന്നങ്ങളുടെ കയറ്റുമതിക്കുള്ള ലൈസന്‍സ് ഫോറത്തിനു ലഭിച്ചിട്ടുണ്ട്. ഉത്പന്ന വിപണനത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതവും കര്‍ഷകര്‍ക്കു ലഭ്യമാക്കുമെന്നു ഫോറം ഭാരവാഹികള്‍ പറഞ്ഞു. ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് ലവേഴ്സ് ഫോറം ചെയര്‍മാന്‍ റഷീദ് ഇമേജ്, ഫാര്‍മേഴ്സ് ഫോറം പ്രസിഡന്റ് ഏച്ചോം ഗോപി, വൈസ് പ്രസിഡന്റ് ദീപ ഷാജി പുല്‍പള്ളി, സെക്രട്ടറി സഹീര്‍ അഹമ്മദ്, ജോയിന്റ് സെക്രട്ടറി പോള്‍ വി.ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.