തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ടീയ ഗൂഢാലോചന ആണെന്നും, കോഴ ആരോപണത്തില്‍ താന്‍ കുറ്റക്കാരിയാണങ്കില്‍ തൂക്കി കൊല്ലാന്‍ വിധിച്ചാലും ഏറ്റ് വാങ്ങുമെന്നും സി.കെ.ജാനു. കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ എന്‍.ഡി എ. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതല്‍ ചില ഇടത് വലത് മുന്നണി നേതാക്കള്‍ തന്നെ ക്രൂരമായി വേട്ടയാടുകയാണന്ന് സി.കെ. ജാനു കല്‍പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.അമിത് ഷാ അടക്കമുള്ള ബി ജെ പി കേന്ദ്ര നേതാക്കളുമായി നേരിട്ട് ഇടപെടാന്‍ സാധിക്കുന്ന തനിക്ക് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുമായി സംസാരിക്കാന്‍ പ്രസീതയെന്ന ഇടനിലക്കാരിയുടെ ആവശ്യമില്ലെന്നും,പ്രസീത നടത്തിയ ഇടപാടുകള്‍ തന്റെ അറിവോടെയല്ലെന്നും സി കെ ജാനു പ്രതികരിച്ചു. കേസ് കേസിന്റെ വഴിക്ക് നടക്കട്ടേ. നിയമ നടപടികളില്‍ നിന്നും താന്‍ ഒളിച്ചോടില്ലെന്നും അവര്‍ പറഞ്ഞു.
ജാതീയമായും വംശീയമായും ആക്രമിക്കുകയാണ് തന്നെയെന്നും, കഴിഞ്ഞ ദിവസങ്ങളില്‍ എം എസ് എഫ്കാര്‍ നടത്തിയ ആരോപണങ്ങള്‍ ഗൂഡാലോചനയാണെന്നും പ്രശസ്തിക്ക് വേണ്ടി ആണെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. ഗോത്ര മഹാസഭ സംസ്ഥാന സെക്രട്ടറി ബാബു കാര്യമ്പാടി, ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുംകര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.