ഉറക്കം വന്നാല്‍ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുത്; മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

0

ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്‌ക് എടുക്കരുതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. റിസ്‌ക് എടുക്കാതെ വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം. രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം എന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിര്‍ത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുള്‍ സ്പീഡിലായിരിക്കും ഇടിക്കുന്നത്.എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കല്‍ ക്ലോക്ക് പ്രവര്‍ത്തിക്കുന്നുണ്ട് ദിനവും ഉറങ്ങുന്ന സമയമാകുമ്പോള്‍ മനസ്സും ശരീരവും ആ പ്രവര്‍ത്തിയിലേക്ക് സ്വാഭാവികമായി തന്നെ വഴുതിവീഴും.

ദിനം മുഴുവന്‍ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രിയും രാത്രി മുഴുവന്‍ ഉറക്കമിളച്ചിട്ട് വീണ്ടും പകലും ഡ്രൈവിംഗ് വീലിന് പുറകില്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുക താന്‍ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവര്‍ക്കും ജീവന് ഭീഷണിയാകുന്ന പ്രവര്‍ത്തിയാണ് അതെന്ന്.
ഡ്രൈവര്‍ നിരന്തരമായ പ്രവര്‍ത്തിയും അംഗ ചലനവും തിരക്കേറിയ റോഡില്‍ വാഹനം ഓടിക്കുമ്പോള്‍ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ ഉറക്കം വരാനുള്ള സാധ്യതം കുറവാണ്. എന്നാല്‍ റോഡ് വിജനമാകുകയും ഡ്രൈവറുടെ പ്രവര്‍ത്തിയുടെ ആവശ്യം കുറയുകയും മാത്രമല്ല കൂടെ ഉള്ളവര്‍ ഉറക്കത്തിലേക്ക് പോകുകയും ചെയ്യുമ്പോള്‍ ഡ്രൈവറുടെ മനോനിലയെയും അത് ബാധിക്കുന്നു.

സ്ഥിരമായി ഉറങ്ങുമ്പോള്‍ കേള്‍ക്കുന്ന പാട്ടുകള്‍ കേള്‍ക്കുന്നതും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും എല്ലാം ഉറക്കത്തിലേക്ക് നയിച്ചേക്കാം. പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. അതിനാല്‍ ഉറക്കത്തിന്റെ ലക്ഷണം വന്നു കഴിഞ്ഞാല്‍, വാഹനം സുരക്ഷിതമായി പാര്‍ക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങിയ ശേഷം യാത്ര തുടരുന്നതാണ് സുരക്ഷിതം. മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!