കഴിഞ്ഞമെയില്‍ മുത്തങ്ങയില്‍ നിന്നും ആളില്ലാത്ത നിലയില്‍ നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ എക്‌സൈസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.പിടികൂടിയ കണ്ടെയ്‌നര്‍ ലോറി ഉടമയുടെ മൊഴി രേഖപ്പെടുത്തിയ അധികൃതര്‍ സ്പിരിറ്റ് എത്തിക്കുന്ന മലപ്പുറം ജില്ലയിലടക്കം അന്വേഷണം നടത്തിവരികയാണ്. 11000 ലിറ്റര്‍ സ്പിരിറ്റ് ഇക്കഴിഞ്ഞമെയിലാണ് എക്‌സൈസ് പിടികൂടിയത്.
കണ്ടെയ്‌നര്‍ ലോറിയുടെ ഉടമയുടെ മൊഴി ഇതിനോടകം അന്വേഷണം വിഭാഗം രേഖപ്പെടുത്തിക്കഴിഞ്ഞതായാണ് വിവരം. പിടികൂടിയ സ്പിരിറ്റിന്റെ രാസപരിശോധനഫലം രണ്ടുദിവസത്തിനകം ലഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് കുറ്റപ്പത്രം എത്രയും പെട്ടന്ന് നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ്. പഴുതടച്ച പരിശോധന നടത്തി സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രതിചേര്‍ക്കാനുള്ള അന്വേഷണമാണ് എക്‌സൈസ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്നത്. സ്പിരിറ്റ് കൊണ്ടുപോകുന്നതായി പറഞ്ഞ മലപ്പുറത്തെ സാനിറ്റൈസര്‍ നിര്‍മ്മാണ കേന്ദ്രത്തിലടക്കം എത്തി പരിശോധന നടത്തിയിട്ടുണ്ട്. മുത്തങ്ങ പൊന്‍കുഴിയില്‍ വെച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ആളില്ലാത്ത നിലയില്‍ നിറുത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ 52 ബാരലുകളിലായി 11000 ലിറ്റര്‍ ന്യൂട്രല്‍ ആല്‍ക്കഹോള്‍ പിടികൂടിയത്. സാനിറ്റൈസര്‍ നിര്‍മ്മിക്കാനെന്ന പേരില്‍ സംസ്ഥാനത്തേക്ക് കടത്താനായി കൊണ്ടുവന്ന സ്പിരിറ്റാണ് എക്‌സൈസ് പിടികൂടിയത്.