മികച്ച രോഗപ്രതിരോധശേഷിയാണോ നിങ്ങള്‍ക്ക വേണ്ടത് ? ഇതാ ലോക ആരോഗ്യ സംഘടനയുടെ ചില നിര്‍ദേശങ്ങള്‍

0

ആരോഗ്യപൂര്‍ണമായ ജീവിതത്തിന് മികച്ച ഒരു രോഗ പ്രതിരോധ സംവിധാനം അനിവാര്യമാണ്. കൊവിഡ് 19 നു കാരണമാകുന്ന നോവല്‍ കൊറോണ വൈറസ് ഉള്‍പ്പടെയുള്ള വൈറസുകളോടു പൊരുതാനും പ്രതിരോധിക്കാനുമെല്ലാം ശക്തമായ ഒരു രോഗപ്രതിരോധ സംവിധാനം ഈ സമയത്ത് ആവശ്യമാണ്. ശരിയായ പോഷകാഹാരവും ജലാംശവും വളരെ പ്രധാനമാണ്. സമീകൃത ഭക്ഷണത്തെ ശീലമാക്കിയ ആളുകള്‍ മികച്ച രോഗപ്രതിരോധ ശേഷിയുള്ളവരും ആരോഗ്യമുള്ളവരുമായിരിക്കും, അതിനാല്‍ വിട്ടുമാറാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളും അവരെ പിടിപെടാനുള്ള സാധ്യതയും വളരെ കുറവാണ്.

വിറ്റാമിനുകള്‍, ധാതുക്കള്‍, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്സിഡന്റുകള്‍ മുതലായവ അടങ്ങിയ ഭക്ഷണരീതി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. അത് പോലെ തന്നെ പ്രധാനമാണ് ജലാംശം നിലനിര്‍ത്തുക എന്നത്, അതിനായി നന്നായി വെള്ളം കുടിക്കുക. അമിതഭാരം, അമിതവണ്ണം, ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം, ചിലതരം അര്‍ബുദം എന്നിവയ്ക്കുള്ള അപകടസാധ്യത ഗണ്യമായി കുറയ്ക്കുന്നതിന് പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ ഒഴിവാക്കുക.
ദിവസവും ഫ്രഷായ ഭക്ഷണം കഴിക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, ധാന്യങ്ങള്‍ (സംസ്‌കരിച്ചിട്ടില്ലാത്ത ചോളം, മില്ലറ്റ്, ഓട്‌സ്, ഗോതമ്പ്, തവിട് അരി, ഉരുളക്കിഴങ്ങ്, ചേന, കപ്പ), മാംസം, മത്സ്യം, മുട്ട, പാല്‍ എന്നിവ കഴിക്കുക.
വെള്ളം അടങ്ങിയ മറ്റ് പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും നിങ്ങള്‍ക്ക് കഴിക്കാം, ഉദാഹരണത്തിന് നാരങ്ങ നീര്, ചായ, കോഫി. എന്നാല്‍ അമിതമായി കഫീന്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, മധുരമുള്ള പഴച്ചാറുകള്‍, സിറപ്പുകള്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവ എപ്പോഴും കുടിക്കുന്നത് ഒഴിവാക്കുക.
കൊഴുപ്പും എണ്ണയും മിതമായ അളവില്‍ കഴിക്കുക
പൂരിത കൊഴുപ്പുകളേക്കാള്‍ അപൂരിത കൊഴുപ്പുകള്‍ കഴിക്കുക. മത്സ്യം, അവോക്കാഡോ, പരിപ്പ്, ഒലിവ് ഓയില്‍, സോയ, സൂര്യകാന്തി, ധാന്യ എണ്ണ എന്നിവയില്‍ കാണപ്പെടുന്നതാന് അപൂരിത കൊഴുപ്പുകള്‍.
ചുവന്ന മാംസത്തേക്കാള്‍ കൊഴുപ്പ് കുറവുള്ള വെളുത്ത മാംസവും (കോഴി) മത്സ്യവും തിരഞ്ഞെടുക്കുക.

സംസ്‌കരിച്ച മാംസത്തില്‍ കൊഴുപ്പും ഉപ്പും കൂടുതലായതിനാല്‍ ഒഴിവാക്കുക.
കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കുക.
വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന ട്രാന്‍സ് ഫാറ്റ് ഒഴിവാക്കുക. സംസ്‌കരിച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, ലഘുഭക്ഷണം, വറുത്ത ഭക്ഷണം, ഫ്രോസണ്‍ പിസ്സ, എന്നിവയില്‍ ഇവ കൂടുതലായി കാണപ്പെടുന്നു.
ഉപ്പും പഞ്ചസാരയും മിതമായി കഴിക്കുക
ഭക്ഷണം പാചകം ചെയ്യുമ്പോഴും തയ്യാറാക്കുമ്പോഴും ഉപ്പിന്റെയും ഉയര്‍ന്ന സോഡിയം മസാലകളുടെയും അളവ് പരിമിതപ്പെടുത്തുക (ഉദാ. സോയ സോസ്, ഫിഷ് സോസ്).
നിങ്ങളുടെ ദൈനംദിന ഉപ്പ് ഉപഭോഗം 5 ഗ്രാമില്‍ (ഏകദേശം 1 ടീസ്പൂണ്‍) പരിമിതപ്പെടുത്തുക, അയോഡൈസ്ഡ് ഉപ്പ് ഉപയോഗിക്കുക.
ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങള്‍ (ലഘുഭക്ഷണങ്ങള്‍) ഒഴിവാക്കുക.
പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങള്‍, സോഡകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.
കേക്ക്, ചോക്ലേറ്റ് എന്നിവ പോലുള്ള മധുര പലഹാരങ്ങള്‍ക്ക് പകരം ഫ്രഷ് പഴങ്ങള്‍ തെരഞ്ഞെടുക്കുക.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക
മറ്റ് ആളുകളുമായുള്ള നിങ്ങളുടെ സമ്പര്‍ക്ക നിരക്ക് കുറയ്ക്കുന്നതിനും കൊവിഡിന് വിധേയമാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. നിങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഇടയില്‍ കുറഞ്ഞത് 1 മീറ്ററെങ്കിലും ദൂരം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ അത് എല്ലായ്‌പ്പോഴും സാധ്യമല്ല.

Leave A Reply

Your email address will not be published.

error: Content is protected !!