സൂര്യകാന്തി പാടം കാണാന്‍ മലയാളിക്ക് ഇനി അതിര്‍ത്തി കടന്നുപോകേണ്ട ; ഫോട്ടോ എടുക്കാന്‍ പണവും നല്‍കേണ്ടതില്ല. ബത്തേരിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാറി മൂലങ്കാവില്‍ ദേശീയ പാതയോരത്താണ് കാഴ്ചക്കാര്‍ക്ക് നയന മനോഹര കാഴ്ചയൊരുക്കി സൂര്യകാന്തി പാടം പൂത്തുലഞ്ഞ് നില്‍ക്കുന്നത്. പ്രദേശത്തെ സെന്റ്ജൂഡ് അയല്‍ക്കൂട്ടമാണ് സൂര്യകാന്തി കൃഷി ചെയ്തത്.
ബത്തേരി – മൈസൂര് ദേശീയ പാതയോരത്ത് മൂലങ്കാവിലാണ് പൂത്തുലഞ്ഞ് മനോഹര കാഴ്ചയൊരുക്കി സൂര്യകാന്തി പാടം ഉള്ളത്. പ്രദേശത്തെ സെന്റ് ജൂഡ് അയല്‍കൂട്ടമാണ് അരയേക്കര്‍ സ്ഥലത്ത് സൂര്യകാന്തി പൂപ്പാടം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ ആദ്യമാണ് ഇവര്‍ സൂര്യകാന്തി വിത്ത് എത്തിച്ച്. തുടര്‍ന്ന് പ്രദേശവാസികളായ മൂന്ന് പേര്‍ സൗജന്യമായി നല്‍കിയ അരയേക്കര്‍ ഭൂമിയില്‍ വിത്ത് പാകുകയായിരുന്നു. തുടര്‍ന്ന് കൃഷി അയല്‍ക്കൂട്ടത്തിലെ 15 പേര്‍ ചേര്‍ന്ന് പരിപാലിച്ചു. ഇതോടെ ഗുണ്ടല്‍പേട്ടയില്‍ കാണുന്ന പോലെയുളള സൂര്യകാന്തി പാടം മൂലങ്കാവിലും യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പൂപ്പാടം കാണാന്‍ അതിര്‍ത്തി കടന്ന് പോകാന്‍ പറ്റാത്തവര്‍ക്ക് മൂലങ്കാവില്‍ എത്തിയാല്‍ മനോഹരമായി പൂവിട്ട് നില്‍ക്കുന്ന സൂര്യ കാന്തി പാടം കണ്ടും സൗജന്യമായി ഫോട്ടോ എടുത്തും മടങ്ങാം.