രോഗികള്‍ക്ക് ആവശ്യമുള്ള ഘടകം മാത്രം രക്തത്തില്‍ നിന്നും വേര്‍തിരിച്ച് നല്‍കുന്ന ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കിലാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ രക്തത്തില്‍ നിന്നും ആര്‍ബിസി, പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ എന്നിവ വേര്‍തിരിച്ച് സൂക്ഷിക്കാനും ആവശ്യമുള്ളവര്‍ക്ക് അത് മാത്രം നല്‍കുകയും ചെയ്യാം.
ഒരാള്‍ക്ക് നല്‍കിയിരുന്ന രക്തം കൊണ്ട് മൂന്ന് പേര്‍ക്ക് ഉപകാരപ്പെടുത്താന്‍ സാധിക്കും. രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന കണികകള്‍ ഒരു വര്‍ഷം വരെ സൂക്ഷിക്കാനാവും. ഇതിനായി മൈനസ് 80 ഡിഗ്രി സെല്‍ഷ്യസില്‍ വരെ സൂക്ഷിക്കാവുന്ന ഫ്രീസറുകള്‍, കണികകളും, പ്ലാസ്മയും വേര്‍തിരിച്ചെടുക്കാവുന്ന ഫ്രീസറുകകളും യൂണിറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. യൂണിറ്റിന്റെ ഉല്‍ഘാടനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി അസൈനാര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, മറ്റ് ജനപ്രതിധികള്‍, ആശുപത്രി സൂപ്രണ്ട് അടക്കം ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.സര്‍ക്കാര്‍ മേഖലയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജിലും, ഇപ്പോള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും, മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലുമാണ് ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റ് ഉള്ളത്.