വിശപ്പകറ്റാന്‍ അന്നം നല്‍കി ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് അസോസിയേഷന്‍
വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കി ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജില്ലാ അസോസിയേഷനും.വിദ്യാ പോഷണി ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ മാനന്തവാടിയിലെ സ്‌കൗട്ട് ഭവനിലെ സമൂഹ അടുക്കളയില്‍ നിന്നുമാണ് ഭക്ഷണവും ഒപ്പം മരുന്നും നല്‍കി വരുന്നത്.മാനന്തവാടി , എടവക പഞ്ചായത്തിലെ നിര്‍ദ്ധന കുടുംബങ്ങള്‍, നഗരത്തില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്കായാണ് ഭക്ഷണം ഒരുക്കി നല്‍കുന്നത്.
കൊവിഡ് മഹാമാരി കാലത്ത് ആരും വിശന്നിരിക്കുരുതെന്ന ലക്ഷ്യത്തോടെയാണ് മാനന്തവാടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ജില്ല സ്‌കൗട്ട് ഭവനില്‍ സാമൂഹ അടുക്കള തുടങ്ങിയത്. സ്‌കൗട്ട് & ഗൈഡ്‌സിന്റെ യുവജന വിഭാഗമായ മേഫേകിംഗ് റോവര്‍ ക്യു അംഗങ്ങളും സ്‌കൗട്ട് അധ്യാപകരുമാണ് അടുക്കളയുടെ പിന്നണി പ്രവര്‍ത്തകര്‍.ദിവസവും നൂറിലധികം പേര്‍ക്ക് ഇവരുടെ കൂട്ടായ്മ ഭക്ഷണം നല്‍കി വരുന്നു.
24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ഭക്ഷണത്തിന് പുറമെ ആവശ്യമുള്ളവര്‍ക്ക് മരുന്നും നല്‍കി വരുന്നതോടൊപ്പം കൗണ്‍സിലിഗും നടത്തി വരുന്നു.കോളനികളില്‍ മാസ്‌ക്ക് വിതരണം നടത്തി വരുന്നതോടൊപ്പം രക്ത ദാനസേനയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. തികച്ചും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടത്തുന്ന സമൂഹ അടുക്കളയ്ക്ക് സ്‌കൗട്ട് & ഗൈഡ്‌സ് ഭാരവാഹികളായ മനോജ് മാത്യു, എ.ഇ. സതീഷ് ബാബു, ജോബി മാനുവല്‍, വി.എം. റോഷ്‌നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു.