സഹകരണ സംഘം പാല്‍ എടുക്കാതെ വന്നതോടെ വിഷമാവസ്ഥയിലായ ക്ഷീരകര്‍ഷകയ്ക്ക് സഹായഹസ്തവുമായി വടുവഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് വായ്പയെടുത്ത് പശുഫാം നടത്തുന്ന കല്ലിക്കെണിയിലെ സുധയുടെ പാല്‍ മുഴുവന്‍ പണവും കൊടുത്ത് വാങ്ങി ആദിവാസി കോളനികളില്‍ വിതരണം ചെയ്തുകൊണ്ടാണ് ക്ഷീരകര്‍ഷകയെ സഹായിക്കാന്‍ ബാങ്ക് മുന്നോട്ടുവന്നത്.
വടുവഞ്ചാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് പശു ഫാം നടത്തുന്നതിന് വായ്പയെടുത്ത ഏക കര്‍ഷകയാണ് സുധ. 8 പശുക്കളെ വളര്‍ത്തുന്ന ഇവര്‍ 65 ലിറ്റര്‍ പാല്‍ വടുവഞ്ചാല്‍ ക്ഷീര സംഘത്തില്‍ നല്‍കി വന്നിരുന്നു. മില്‍മയുടെ പുതിയ തീരുമാനം വന്നതോടെ 25 ലിറ്റര്‍ പാല്‍ മാത്രമേ സംഘത്തില്‍ അളക്കാന്‍ പറ്റൂയെന്ന നില വന്നു. ഇത് ഇവര്‍ക്ക് വലിയ പ്രതിസന്ധിയിലാക്കി. ഇത് മനസിലാക്കിയ ബാങ്ക് ഭരണസമിതിയംഗങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന സിറ്റിംഗ് അലവന്‍സ് സുധയ്ക്ക് നല്‍കാന്‍ തീരുമാനിച്ചു. 65 ലിറ്ററില്‍ ബാക്കി വരുന്ന 40 ലിറ്റര്‍ പാലും വില കൊടുത്ത് വാങ്ങാനുമാരംഭിച്ചു.സിപിഎം നേതൃത്വത്തില്‍ രംഗത്തുള്ള കൊവിഡ് വളണ്ടിയര്‍മാരെ ഏല്‍പ്പിച്ച് ആദിവാസി കോളനികളിലുള്ള കുടുംബങ്ങള്‍ക്ക് പാല്‍ വിതരണം ചെയ്യുകയാണിപ്പോള്‍. പട്ടിക ജാതി വിഭാഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും നല്ല ക്ഷീര കര്‍ഷകയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കിയ സ്ത്രീയാണ് സൂധ. ഭര്‍ത്താവും മുന്ന് മക്കളുമുണ്ട്. പാല്‍ വിറ്റ് കിട്ടുന്നതാണ് ഏക വരുമാനം.