5,92,182 ആക്ടീവ് കേസുകളുമായി ഇന്ത്യയിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കർണാടക. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 5,46,129 കേസുകളാണ് നിലവിലുള്ളത്. കർണാടകയിൽ ബുധനാഴ്ച റിപ്പോർട്ട് ചെയ്തത് 39,998 കൊവിഡ് കേസുകളാണ്. 29.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 517 പേർ കഴിഞ്ഞ ദിവസം മാത്രം മരണപ്പെട്ടു. മെയ് അവസാനത്തോടെ കേസുകൾ കുറയ്ക്കാൻ പറ്റുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കർണാടകയിൽ ഏപ്രിൽ ആദ്യവാരം കുംഭമേളയിൽ പങ്കെടുത്ത 67 വയസുള്ള സ്ത്രീയിൽ നിന്ന് 33 പേർക്ക് കൊവിഡ് ബാധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വാക്‌സിനുകളുടെ ദൗർലഭ്യതയെ തുടർന്ന് 18 മുതൽ 44 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ താത്ക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇത് ബാധകമല്ല. വാക്‌സിൻ പ്രതിസന്ധി കുറച്ചുകാലം കൂടി തുടരുമെന്നാണ് ചീഫ് സെക്രട്ടറി നൽകിയ സൂചന.