കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ രണ്ടാം ദിവസത്തിലും ജില്ലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവയൊഴികെയുള്ള കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.ജില്ലയിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പൊതുഗതാഗതം പൂര്‍ണ്ണമായും നിലച്ചു. ചെക്ക് പോയിന്റുകളില്‍ സത്യവാങ്മൂലം പരിശോധിച്ചാണ് ആളുകളെ കടത്തിവിട്ടത്.
അടച്ചുപൂട്ടലിനോട് ജനങ്ങള്‍ സഹകരിക്കുന്ന കാഴ്ചയായിരുന്നു രണ്ടാം ദിവസം കണ്ടത്.ഇടറോഡുകളില്‍ ഉള്‍പ്പടെ ഇന്നും പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ചുരുക്കം സര്‍വീസുകള്‍ ഒഴിച്ചാല്‍ ജില്ലയില്‍ പൂര്‍ണമായും പൊതു ഗതാഗതം നിലച്ചിരുന്നു. യാത്രാരേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും പരിശോധിച്ച് വ്യക്തത വരുത്തിയാണ് പോലീസ് തുടര്‍യാത്ര അനുവദിച്ചത്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് ഇന്നുമുതല്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കി. സത്യവാങ്മൂലമോ, പോലീസ് പാസോ എടുക്കാതെ ജില്ലയില്‍ സഞ്ചരിക്കുന്നവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.