സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

0

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെയും ,എസ്‌റ്റേറ്റ് പാടികളില്‍ താമസിക്കുന്നവരുടെയും, അതിഥി തൊഴിലാളികളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തൊഴിലുടമകള്‍ക്കും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍ദ്ദേശം നല്‍കി.

സ്വന്തം വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്ത കോവിഡ് പോസിറ്റീവാകുന്ന ആദിവാസി വിഭാഗങ്ങളില്‍ പെടുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള അടിയന്തിര നടപടി തദ്ദേശസ്ഥാപന മേധാവികള്‍ സ്വീകരിക്കണം. ഇതിലേക്കായി കെട്ടിടങ്ങള്‍ ഏറ്റെടുത്ത് സജ്ജമാക്കണം. ഇത്തരം വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികള്‍ െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ സ്വീകരിക്കണം.

കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യം ബന്ധപ്പെട്ട കരാറുകാര്‍ ഏര്‍പ്പെടുത്തി നല്‍കണം. ഇക്കാര്യം ജില്ലാ ലേബര്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. കരാറുകാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ അസൗകര്യമുള്ള പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതിഥി തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കണം.

എസ്‌റ്റേറ്റ് പാടികളില്‍ താമസിക്കുന്ന കോവിഡ് പോസിറ്റീവാകുന്നവര്‍ക്ക് എസ്‌റ്റേറ്റ് മാനേജ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തണം. ഇത് ഉറപ്പാക്കാനുളള ഉത്തരവാദിത്തം ജില്ലാ ലേബര്‍ ഓഫീസര്‍ക്കാണ്. മാനേജ്‌മെന്റിന്
സൗകര്യം ഏര്‍പ്പെടുത്താന്‍ അസൗകര്യമുള്ള പക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണ്. ക്വാറന്റൈന്‍ സൗകര്യം അനുവദിക്കുന്ന എസ്‌റ്റേറ്റ് തൊഴിലാളികളുടെയും അതിഥി തൊഴിലാളികളുടെയും വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് കൈമാറണം. അതിഥി തൊഴിലാളികള്‍ക്കായി അടിയന്തിരമായി ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!