ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വ്വീസ് പാക്കേജ് പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ‘സര്‍വീസ് കെയര്‍ 24’ എന്ന പാക്കേജ് പ്രകാരം ആദ്യത്തെ സര്‍വ്വീസ് സൗജന്യമായിരിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് നാല് ജനറല്‍ സര്‍വ്വീസുകളും രണ്ട് എഞ്ചിന്‍ ഓയില്‍ മാറ്റങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഈ പാക്കേജിനായി 2,499 രൂപയാണ് ഉടമ മുടക്കേണ്ടത്. എല്ലാ നികുതികളും ഉള്‍പ്പെടെയാണ് ഈ തുക. സര്‍വ്വീസിനിടയില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നാല്‍ വാഹനഭാഗങ്ങള്‍ക്കും ലൂബ്രിക്കന്റുകള്‍ക്കും അഞ്ച് ശതമാനം കിഴിവാണ് നല്‍കുക. ഇതോടൊപ്പം 20 ശതമാനം ലേബര്‍ കോസ്റ്റും ലാഭിക്കാം. സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
കോവിഡ് ലോക്ഡൗണിനുശേഷം സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന വാഹന വിപണിക്ക് ഉണര്‍വ്വ് പകരാനാണ് റോയല്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്.പുതിയ സാമ്പത്തിക പദ്ധതികളിലൂടെ വാഹനം വാങ്ങുന്നവരെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ നിലനിര്‍ത്താനുമാണ് മറ്റ് പല നിര്‍മ്മാതാക്കളെയും പോലെ റോയല്‍ എന്‍ഫീല്‍ഡിന്റെയും ശ്രമം.