വനാതിര്‍ത്തിയിലെ ഗ്രാമങ്ങളില്‍ കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയാണ് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. കുരങ്ങുപനി സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തിലും കുരങ്ങുപനി ഭീഷണിയുള്ള ചെക്കുനി, ഐക്കോലി, കൊട്ടിയൂര്‍, കാരമ്മല്‍ പ്രദേശങ്ങളിലുമാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വളര്‍ത്തുമൃഗങ്ങളിലെ ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ലേപനങ്ങളും ഇവിടങ്ങളില്‍ വിതരണം ചെയ്തു.
കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും ഉയര്‍ന്ന താപനിലയും ബാഹ്യപരാദങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി. ബാഹ്യപരാദങ്ങള്‍ മുഖേന മനുഷ്യരിലേക്ക് പകരുന്ന കുരങ്ങു പനി പോലുള്ള ജന്തുജന്യ രോഗങ്ങള്‍ വര്‍ധിക്കുവാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുജന്യ രോഗ നിയന്ത്രണ യൂണിറ്റാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.