പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയതോടെ കര്‍ശനമായ നിയന്ത്രണങ്ങളും യാത്രക്കാരുടെ അഭാവവുമാണ് സ്വകാര്യബസ് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.നിലവില്‍ കൊവിഡ് പൊസിറ്റീവാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ബസ്സുകളില്‍ സീറ്റിംങ് ആളുകളെ മാത്രം വെച്ച് സര്‍വീസ് നടത്തണമെന്നാണ് കര്‍ശനനിര്‍ദേശം.
കൊവിഡ് രണ്ടാംതരംഗത്തില്‍ സ്വകാര്യ ബസ് മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ഇതോടെ ബസ്സുകളിലുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കൂടാതെ ബത്തേരി, കല്‍പ്പറ്റ അടക്കമുള്ള നഗരസഭ പരിധികളില്‍ കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞദിവസങ്ങളിലായി ക്രമീതീതമായി കുറഞ്ഞിട്ടുണ്ട്. കൂടാതെ 144കൂടി പ്രഖ്യാപിച്ചതും മേഖലയെ സാരമായി ബാധിച്ചു.നിലവിലെ അവസ്ഥയില്‍ ബസ്സുകള്‍ക്ക് എണ്ണ അടിക്കാനും, ജീവനക്കാര്‍ക്കുള്ള കൂലിപോലും സര്‍വ്വീസ് നടത്തി കിട്ടുന്നില്ലന്നും ജീവനക്കാര്‍ പറയുന്നു. ജില്ലയില്‍ സര്‍വ്വീസ് നടത്തിയിരുന്ന 330 സ്വകാര്യബസ്സുകളില്‍ 250 എണ്ണം മാത്രമാണ് കൊവിഡ് ആദ്യഘട്ട ലോക്ക് ഡൗണിനുശേഷം സര്‍വ്വീസ് പുനരാരംഭിച്ചത്. ബാക്കിയുള്ള ബസ്സുകള്‍ സ്‌റ്റോപ്പേജ് എഴുതികൊടുക്കുകയായിരുന്നു. എന്നാല്‍ രണ്ടാമതും സര്‍വ്വീസ് ആരംഭിച്ച ബസ്സുകള്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ഉടമകള്‍ നല്‍കുന്ന സൂചന.