കാര്‍ഷിക നിയമങ്ങള്‍ക്കും ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യത്താകെ കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ് പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് ഉല്‍പാദന ചെലവും അതിന്റെ 50 ശതമാനവും ചേര്‍ന്ന താങ്ങുവില നല്‍കുമെന്ന 2014ലെ ബി.ജെ.പി ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം നരേന്ദ്ര മോദി പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവധം, ലവ്ജിഹാദ്, പൗരത്വ നിയമം തുടങ്ങിയ യഥാര്‍ഥ പ്രശ്‌നങ്ങളെ ഉയര്‍ത്തികൊണ്ട് വന്നു കാര്‍ഷിക തകര്‍ച്ച, തൊഴിലില്ലായ്മ, വ്യാപാരമാന്ദ്യം, വിലക്കയറ്റം മുതലായ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ വഴിതിരിച്ച് വിടാനാണ് ബി.ജെ.പി പരിശ്രമം. നയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ തൊഴിലാളി കര്‍ഷക പ്രക്ഷോഭങ്ങള്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തൂത്തെറിയും. ബി.ജെ.പിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.