പ്രൈമറിയില്‍ 25% ഹാജര്‍; ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും കൂടുതല്‍ ക്ലാസ്

0

നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പ്രൈമറി ക്ലാസുകളില്‍ 25 % കുട്ടികളെ വീതം അനുവദിച്ചാല്‍ മതിയെന്ന നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നു. സുരക്ഷിത അകലം ഉറപ്പാക്കാനാണിത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമേ സ്‌കൂളില്‍ ക്ലാസ് ഉണ്ടാകൂ. മതിയായ സൗകര്യമുണ്ടെങ്കില്‍ ഇവര്‍ക്കു ഷിഫ്റ്റ് അനുവദിക്കാനും ആലോചനയുണ്ട്.അടുത്തയാഴ്ചയോടെ ലഭ്യമാകുന്ന സിറോ സര്‍വേ ഫലം വിലയിരുത്താന്‍ ആരോഗ്യ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തും.

70 ശതമാനത്തിലേറെ ആളുകളില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെങ്കില്‍ സ്‌കൂള്‍ തുറക്കാമെന്നാണു വിദഗ്ധര്‍ നേരത്തേ നിര്‍ദേശിച്ചത്. കുട്ടികളുടെ യാത്രയിലെ സുരക്ഷിതത്വം, വീടുകള്‍ക്കുള്ളിലെ കോവിഡ് വ്യാപന സാധ്യത എന്നിവ ഉള്‍പ്പെടെയുള്ള വെല്ലുവിളികളും ചര്‍ച്ച ചെയ്യും.

സ്‌കൂള്‍ തുറന്ന മറ്റു സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്കു കോവിഡ് ബാധയുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ചിലയിടങ്ങളില്‍ സ്‌കൂളുകള്‍ വീണ്ടും അടയ്‌ക്കേണ്ടിവന്നു. കുട്ടികള്‍ക്കു കോവിഡ് ബാധയുണ്ടായാല്‍ എങ്ങനെ നേരിടണമെന്ന കാര്യവും ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യും.

എല്ലാവരും എത്താന്‍ നിര്‍ബന്ധിക്കില്ല

മുഴുവന്‍ കുട്ടികളെയും ഒന്നിച്ചു സ്‌കൂളിലെത്തിച്ചു പഴയ രീതിയില്‍ ക്ലാസുകള്‍ നടത്താന്‍ ഉടന്‍ സാധിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് കരുതുന്നില്ല. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും പഠന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമാകും ഊന്നല്‍. എല്ലാ കുട്ടികളും സ്‌കൂളില്‍ എത്തണമെന്നു നിര്‍ബന്ധിക്കില്ല. സ്‌കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമെന്നു മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.

രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം

കോവിഡ് വ്യാപനം തുടരുന്നതിനിടെ ചെറിയ കുട്ടികളെ സ്‌കൂളിലേക്കു വിടുന്നതിലുള്ള ആശങ്ക ഒട്ടേറെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കുട്ടികള്‍ക്കു കഴിയുമോ എന്ന സംശയമാണു കാരണം. ചില മാനേജ്‌മെന്റുകള്‍ക്കും ഈ ആശങ്കയുണ്ട്. ഇവകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. സ്‌കൂളുകള്‍ തുറക്കുംമുന്‍പ് രക്ഷിതാക്കള്‍ക്കു ബോധവല്‍ക്കരണം നല്‍കും.

കോളജ് ക്ലാസും കരുതലോടെ

തിരുവനന്തപുരം ന്മ കോളജുകളില്‍ ഒക്ടോബര്‍ 18 മുതല്‍ എല്ലാ ക്ലാസുകളും നടത്തുന്ന കാര്യത്തില്‍ പരിശോധിച്ചുമാത്രം തീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ഡിഗ്രി, പിജി അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ ക്ലാസ് ഒക്ടോബര്‍ നാലിന് ആരംഭിച്ചശേഷം മറ്റുള്ളവരുടെ കാര്യം പരിശോധിക്കും. 90 % കോളജ് വിദ്യാര്‍ഥികള്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കിയെന്നാണ് ആരോഗ്യവകുപ്പില്‍നിന്നുള്ള വിവരം. കോളജ് തിരിച്ചുള്ള കണക്ക് എടുത്തിട്ടില്ല. കോളജുകള്‍ തുറക്കാനുള്ള നടപടികള്‍ വിലയിരുത്താന്‍ 2 ദിവസത്തിനകം യോഗം ചേരും. ആരോഗ്യ വകുപ്പുമായി ചേര്‍ന്നു വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!