നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ഉള്ളിലം കോളനിയിലെ 8 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഭൂമിലഭിക്കാത്തത്. 2003 ല്‍ ഭൂമിക്കായി നടന്ന മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരാണ് ഈ കുടുംബങ്ങള്‍ 2016 ല്‍ ഇരുളത്ത് ഭൂമി നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കോളനിയിലെ അപ്പു-സരിതി, ദേവി-ദാമന്‍, കെമ്പി-കൊഞ്ചന്‍, ചൊറിയന്‍-ശാന്ത, ശാന്ത-വെരുക്, കുഞ്ഞന്‍-സീത, ഞാണന്‍,ജാനു എന്നീ കുടുംബങ്ങള്‍ക്കാണ് ഭൂമിലഭിക്കാത്തത്. ഇവര്‍ സമരത്തിന്റെ അവസാനവാരം പങ്കെടുക്കുകയും പലരും പൊലീസ് പിടിയില്‍ ആവുകയും ചെയ്തിരുന്നു. പിന്നീട് മുത്തങ്ങ സമരത്തിന്റെ തുടര്‍ച്ചയെന്നോണം തിരുവനന്തപുരത്ത് നടന്ന നില്‍പ്പു സമരത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇതിനിടെ ഭൂസമരത്തില്‍ പങ്കെടുത്ത ദാമന്‍,കൊഞ്ചന്‍,വെരുക് എന്നിവര്‍ മരണപ്പെടുകയും ചെയ്തു. ഇവരുടെ കുടുംബങ്ങള്‍ ഇപ്പോളും കോളനിയില്‍തന്നെയാണ് താമസം. ഭൂമി എന്ന ആവശ്യത്തിനായി ഒറ്റക്കെട്ടായി പോരാടിയ നേതൃത്വം ഇപ്പോള്‍ രണ്ടായതോടെ ഭൂമി കിട്ടാത്ത കുടുംബങ്ങള്‍ പെരുവഴിയിലായിരിക്കുകയാണ്.