തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. തെരഞ്ഞെടുപ്പ് തീയതി അംഗങ്ങളെ മുന്‍കൂട്ടി അറിയിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്. ആദ്യഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് ഈ മാസം 26 ന് സത്യപ്രതിജ്ഞ ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളിലാണ് നടത്തേണ്ടത്. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി അംഗങ്ങളെ അറിയിക്കണം. അധ്യക്ഷന്‍ -ഉപാധ്യക്ഷന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ നടപടി ക്രമമനുസരിച്ച് മറ്റൊരു അംഗം നാമനിര്‍ദേശം ചെയ്യേണ്ടതുണ്ട്. സ്ഥാനാര്‍ത്ഥിക്ക് ഏതെങ്കിലും കാരണവശാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ രേഖാമൂലമുള്ള സമ്മതപത്രം ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കേണ്ടതാണ്.
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വരണാധികാരി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കണമെന്നും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചേ നടത്താന്‍ പാടുള്ളൂ എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. അതേസമയം 21 ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് 26 ന് രാവിലെ പത്ത് മണിക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.