കമലാ സുരയ്യയുടെ 87ാം ജന്മദിനം ഇന്ന്
ആമി….! ആ പേരിനോടു പോലും വല്ലാത്തൊരു പ്രണയമാണ് മലയാളികൾക്ക്. വായനക്കാരുടെ മനസ്സുകളിൽ എഴുത്തിലൂടെ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി എന്ന കമലാ സുരയ്യ. ഇന്നും സ്നേഹത്തെ കുറിച്ച്, പ്രണയത്തെ കുറിച്ച് ഒരു കുറിപ്പെഴുതിയാൾ കമലയുടെ രണ്ട് വരി ഉൾപ്പെടുത്താതെ അത് പൂർത്തിയാകില്ല. ഇംഗ്ലിഷിലും മലയാളത്തിലും ഒരേ കൈത്തഴക്കത്തോടെ എഴുതിയതുകൊണ്ടുതന്നെ ലോകം മുഴുവൻ അവർക്ക് വായനക്കാരുണ്ടായി. എഴുത്തും ജീവിതവും ഇത്രയേറെ ആഘോഷിക്കപ്പെട്ട മറ്റൊരു എഴുത്തുകാരി നമുക്ക് മുന്നിൽ മറ്റൊരാളില്ല. മലയാളി സ്ത്രീകളെ സ്വന്തം ശരീരത്തെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് കമല സുരയ്യയാണ്.
കമലാ സുരയ്യ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട മാധവിക്കുട്ടി എന്ന കമലാദാസ് തൃശൂര്‍ ജില്ലയില്‍ പുന്നയൂര്‍ കുളത്ത് നാലപ്പാട്ട് കുടുംബത്തില്‍ 1934 മാര്‍ച്ച് 31നാണ് ജനിച്ചത്. പിതാവ് വി എം നായര്‍ മാതൃഭൂമി പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായിരുന്നു. മാതാവ് പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മ. പ്രസിദ്ധനായ എഴുത്തുകാരന്‍ നാലപ്പാട്ട് നാരായണ മേനോന്‍ അമ്മാവനായിരുന്നു. കൊൽക്കത്തയിലായിരുന്നു കമല ബാല്യകാലം ചെലവഴിച്ചത് കൊല്‍ക്കത്തയിലായിരുന്നു. ആദ്യ രചനകള്‍ ഇംഗ്ലീഷിലായിരുന്നു.15 വയസ്സുള്ളപ്പോള്‍ കമലയെ ബാങ്ക് ഉദ്യോഗസ്ഥനായ മാധവദാസ് വിവാഹം കഴിച്ചു. അങ്ങനെ കമല, കമലാ ദാസായി. മാധവിക്കുട്ടി എന്ന തൂലികാ നാമത്തിലായിരുന്നു കമല മലയാളത്തിലെഴുതിയിരുന്നത്.
സാഹിത്യ രചനാപാതയിലെ നീണ്ട യാത്രയ്ക്ക് തിളക്കമാര്‍ന്ന തുടക്കം കുറിച്ചത് ‘സമ്മര്‍ ഇന്‍ കല്‍ക്കത്ത’ എന്ന കൃതിയിലൂടെയായിരുന്നു. സ്ത്രീ മനസ്സിന്റെ നിഗൂഢവും സങ്കീര്‍ണ്ണവുമായ ഭാവതലങ്ങള്‍ തന്റെ രചനകളില്‍ ആവിഷ്ക്കരിച്ച മാധവിക്കുട്ടിയുടെ ഒട്ടേറെ മലയാള കഥകള്‍ സവിശേഷ വ്യക്തിത്വം കൈവരിക്കുവാന്‍ പിന്നീട് അധിക കാലമെടുത്തില്ല. മനസ്സിനെയും ശരീരത്തെയും ബന്ധിച്ചിരുന്ന വിലക്കുകളെ തകര്‍ത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു അവർ തന്റെ രചനകളിലൂടെ.
ആധുനിക ഇന്തോ ആംഗ്ലിയന്‍ കവിതയുടെ മാതാവ് എന്നവര്‍ വിളിക്കപ്പെട്ടു. 1973ല്‍ മാധവിക്കുട്ടി ‘എന്റെ കഥ’ എന്ന ആത്മകഥയെഴുതി. 1976ല്‍ അതിന്റെ ഇംഗ്ലീഷ് പതിപ്പും രചിച്ചു. വൈകാരികമായി ഛിന്നഭിന്നമാക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍, ആത്മസാഫല്യം കൈവരിക്കാന്‍ കഴിയാത്ത വിവാഹ ജീവിതം, ലൈംഗികമായ തീവ്രാഭിലാഷങ്ങള്‍, ആത്മഹത്യയെ താലോലിക്കുന്ന ചിന്തകള്‍ എന്നിവയെല്ലാം അവര്‍ ആത്മകഥയിലെഴുതി.
ചേക്കേറുന്ന പക്ഷികള്‍, നഷ്ടപ്പെട്ട നീലംബരി എന്നിങ്ങനെ ധാരാളം ചെറുകഥാ സമാഹാരങ്ങള്‍, നീര്‍മാതളം പൂത്തകാലം (ഓര്‍മ്മകള്‍), നോവലുകള്‍ ഒട്ടേറെ കവിതാസമാഹാരങ്ങള്‍, ആത്മകഥ എന്നിങ്ങനെ ധാരാളം സംഭാവനകള്‍ ഭാഷയെ ധന്യമാക്കിയിട്ടുണ്ട്. സ്ത്രീ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലേക്കും നിസ്സഹായതകളിലേക്കും അതി തീവ്രമായി ഇറങ്ങിച്ചെല്ലുന്ന അനേകം സന്ദര്‍ഭങ്ങള്‍ ആവിഷ്ക്കരിക്കപ്പെടുന്ന ഒട്ടേറെ ഇംഗ്ലീഷ് കവിതകളും കമലാദാസ് എഴുതിയിട്ടുണ്ട്. ദി ഡിസന്‍റന്‍സ്, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ഓള്‍ഡ് പ്ലേഹൗസ് ആന്‍റ് അദര്‍ പോയംസ് എന്നിവ പ്രമുഖ ഇംഗ്ലീഷ് കൃതികളാണ്.
മലയാളത്തിലും, ഇംഗ്ലീഷിലും ഒരു പോലെ എഴുതിയിരുന്ന മാധവിക്കുട്ടി ഏഷ്യന്‍ പൊയട്രി പ്രൈസ്, കെന്‍റ് അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ചെറുകഥ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
1999ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009 മേയ് 31ന് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.
മരിച്ച് വര്‍ഷങ്ങള്‍ ഇത്രയേറെ കഴിഞ്ഞിട്ടും മാധവിക്കുട്ടി വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്. അതുകൊണ്ടു തന്നെ ആ എഴുത്തുകള്‍ക്ക് എന്നും നിത്യയൗവനമാണ്.