അറിയേണ്ടതെല്ലാം അറിയാം : വോട്ട് കുഞ്ഞപ്പനും  തെരഞ്ഞെടുപ്പ് ഡ്യൂട്ടി

0

കാലം മാറി. ബാലറ്റ് പെട്ടിക്ക് പകരം വോട്ടിങ്ങ് യന്ത്രങ്ങളെത്തി. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച്  തെരഞ്ഞെടുപ്പ് പ്രക്രിയയും അടിമുടി മാറുകയാണ്. സാങ്കേതികയുടെ മുന്നേറ്റത്തില്‍ റോബോട്ടിനും ഇനി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ട്. ജില്ലയില്‍ വോട്ടര്‍ ബോധവത്കരണത്തിന് ഇതാദ്യമായി വോട്ട് കുഞ്ഞപ്പന്‍ റോബോട്ടും നാട്ടിലിറങ്ങി. വയനാട് എഞ്ചിനീയറിങ്ങ് കോളേജാണ് വോട്ട് കുഞ്ഞപ്പന്‍ വേര്‍ഷന്‍  15.0 എന്ന പേരില്‍ കുഞ്ഞന്‍ റോബോട്ടിനെ കളത്തിലിറക്കിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ രൂപ സാദൃശ്യമുള്ള റോബോട്ട് വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളെല്ലാം പറഞ്ഞു തരും. ഇവയെല്ലാം ആനിമേഷന്‍ രൂപത്തില്‍ സ്‌കരീനില്‍ യഥസമയം തെളിയുകയും ചെയ്യും. പൊതു ഇടങ്ങളില്‍ വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ചാറ്റ് ബോര്‍ഡ് എന്ന സംവിധാനവും റോബോട്ടിലുണ്ട്. സ്വീപ് വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യാനുള്ള ക്യു ആര്‍ കോഡും കുഞ്ഞപ്പനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വയനാട് എഞ്ചിനീയറിങ്ങ് കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ.അനിത, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എം.എം.അനസ്, അദ്ധ്യാപകരായ സി.ജെ.സേവ്യര്‍, ആര്‍.വിപിന്‍രാജ്, കെ.പി.മഹേഷ്, വിദ്യാര്‍ഥികളായ എജുലാല്‍, അവിന്‍ബാബു എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ റോബോട്ട് നിര്‍മ്മിച്ചത്. ചാര്‍ജ്ജ് ചെയ്താല്‍ മണിക്കുറുകളോളം തെരഞ്ഞെടുപ്പ് സേവനത്തിന് കുഞ്ഞപ്പന്‍ തയ്യാറാണ്. കരുത്തുറ്റ ജനാധിപത്യ ത്തിന് വിപുലമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  സ്വീപ്പ് വിവിധ പരിപാടികള്‍ ജില്ലയില്‍ ഇതിനകം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ആദിവാസി മേഖലയിലടക്കം വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ വോട്ട് കുഞ്ഞപ്പനും ഇനി തിരക്കിട്ട ജോലി തിരക്കിലായിരിക്കും. കളക്ട്രേറ്റില്‍ നടന്ന ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വോട്ട് കുഞ്ഞപ്പനെ ജോലിയില്‍ ചേര്‍ത്തു. അസി.കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ മുരളീധരന്‍ നായര്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!