നിറങ്ങളിൽ നീരാടി ഉത്തരേന്ത്യയിൽ ഹോളി ആഘോഷം. കോവിഡിന്റെ സാഹചര്യത്തിൽ ഡൽഹിയിലടക്കം വിപുലമായ ആഘോഷങ്ങൾ ഇത്തവണയും ഒഴിവാക്കിയിട്ടുണ്ട്. നിറങ്ങൾ വാരി വിതറിയും നൃത്തം ചെയ്തും മധുരം പങ്കുവെച്ചും ഉത്തരേന്ത്യ ആഘോഷത്തിമിർപ്പിലാണ്.
ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കും. ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുരയിൽ അതി വിപുലമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിയുമായി ബന്ധപ്പെട്ട് പല ആചാരങ്ങളാണ് ഉത്തരേന്ത്യയിൽ നിലനിൽക്കുന്നത്. ജാതി മത വര്‍ണ വര്‍ഗഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ഒരുമയുടേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെയ്ക്കുകയാണ് ഈ ദിനത്തിൽ
കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും എല്ലാവരും അവരവരുടെ വീടുകളുടെ പരിധിക്കുള്ളിൽ ഹോളി ആഘോഷിക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വസന്തകാലത്തെ വരവേൽക്കാൻ ആഘോഷിക്കുന്ന ഹോളിയെ നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. വിവിധ സംസ്കാരങ്ങൾക്കിടയിൽ വിവിധ രീതിയിലാണ് ആഘോഷിക്കാറുള്ളത്.
വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷകളും വംശങ്ങളും മതങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യയില്‍ ഹോളി വലിയ ഉത്സവമായി തന്നെയാണ് ആഘോഷിക്കുന്നത്. നിറങ്ങളുടെ ഉത്സവമായ ഹോളി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ സംസ്കാര വൈവിധ്യത്തിലാണ് ആഘോഷിക്കപ്പെടുന്നത്. തിന്മയ്ക്കെതിരെ നന്മയുടെ വിജയം ആഘോഷിക്കുന്ന, രാധയുടെയും കൃഷ്ണന്‍റെയും അനശ്വര ഐക്യത്തെ പ്രതിനിധീകരിക്കുന്ന ഉത്സവമാണ് ഹോളി.
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ വ്യത്യസ്ത രീതിയിലാണ് ഹോളി ആഘോഷിക്കുന്നത്. അസമീസ് ആളുകൾ ഹോളിയെ ഫാക്കുവ, ദൗൾ എന്നിങ്ങനെ രണ്ട് ദിവസങ്ങളായാണ് ആഘോഷിക്കുന്നത്. ഗോവൻ ജനതയ്ക്ക് നിറങ്ങളുടെ ഉത്സവം ഉക്കുലിയാണ്. ഒരു മാസം നീണ്ട വസന്തോത്സവമായ ഷിഗ്മോയുടെ ഭാഗമായാണ് ഇവർ ഉക്കുലി ആഘോഷിക്കുന്നത്. നിരവധി സാംസ്കാരിക ചടങ്ങുകളും ഇതിനൊപ്പം സംഘടിപ്പിക്കപ്പെടുന്നുണ്ട്.
തെക്കേ ഇന്ത്യയിലെ പലഭാഗങ്ങളും ധുലൈതി ആഘോഷം സംഘടിപ്പിക്കാറുണ്ട്. വെണ്ണ മോഷ്ടിക്കാൻ ശ്രമിക്കുന്ന കൃഷ്ണനെ പ്രതിനിധാനം ചെയ്ത് ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന വെണ്ണ നിറച്ച കലം പൊട്ടിക്കുന്ന ആഘോഷമാണിത്. ചെറുപ്പക്കാരായ ആളുകൾ തോളുകളിൽ ചവിട്ടി കയറിയാണ് കലം പൊട്ടിക്കുന്നത്.
‘വടികൊണ്ട് അടിക്കുക’ എന്നാണ് ലാട്ട് മാർ എന്ന വാക്കിന്‍റെ അര്‍ഥം. രാധയുമായി ഹോളി ആഘോഷിക്കാനെത്തിയ കൃഷ്ണനെ ബർസാന ഗ്രാമത്തിലെ സ്ത്രീ ജനങ്ങൾ തുരത്തി ഓടിച്ചു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഉത്തർപ്രദേശിലെ പല ഭാഗത്തും ഈ ചടങ്ങ് നടക്കാറുണ്ട്. ചെറിയ കമ്പ് ഉപയോഗിച്ച് പുരുഷന്മാരെ സ്ത്രീകൾ തമാശരൂപെണ അടിക്കുന്ന ചടങ്ങാണിത്. കർണാടകയിലെ ഹോളി ആഘോഷങ്ങളിലെ തീർത്തും വിശിഷ്ടമായ ഒരു ചടങ്ങാണ് ബെദര വേഷ. ഹോളി ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന നാടോടി നൃത്താവതരണ ചടങ്ങാണിത്.