ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍

0

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, സമീറ, വാസന്തി, ജല്ലിക്കെട്ട്, മൂത്തോന്‍, കുമ്പളങ്ങി നെറ്റ്‌സ്, വൈറസ്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.

സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു.

5000 സ്‌ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 മാര്‍ച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാര്‍ തിയേറ്ററില്‍ എത്തിക്കാനിരിക്കവെയാണ് കോവിഡ് പൊട്ടിപ്പുറപ്പെടലും തൊട്ടുപിന്നാലെ ലോക്ക്ഡൗണും വന്നു ചേര്‍ന്നത്. ആദ്യം തന്നെ റിലീസ് മാറ്റി വച്ച സിനിമകളുടെ കൂട്ടത്തില്‍ മരയ്ക്കാറും ഉള്‍പ്പെട്ടു.

ഈ വര്‍ഷം ജനുവരിയില്‍ തിയേറ്റര്‍ തുറന്നപ്പോഴും മരയ്ക്കാര്‍ മാര്‍ച്ച് മാസം റിലീസ് പറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാറ്റിവയ്‌ക്കേണ്ടി വന്നു. മെയ് 13 ആണ് പുതിയ റിലീസ് തിയതി.

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്‍ ഈ ചിത്രം മൂന്ന് അവാര്‍ഡുകള്‍ നേടിയിരുന്നു. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റായി വിനീത്, കൊറിയോഗ്രാഫിക്ക് ബ്രിന്ദ, പ്രസന്ന സുജിത് എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം സിദ്ധാര്‍ഥിനും ലഭിച്ചിരുന്നു. പ്രിയദര്‍ശന്റെ മകനായ സിദ്ധാര്‍ത്ഥിന് മികച്ച വി.എഫ്എക്‌സിനുള്ള പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്.

മികച്ച ചിത്രം, മികച്ച സ്വഭാവ നടി (സ്വാസിക), തിരക്കഥ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ ചിത്രമാണ് വാസന്തി. നടന്‍ സിജു വില്‍സണ്‍ നിര്‍മ്മാതാവ് കൂടിയായ ചിത്രത്തില്‍ സ്വാസിക, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് അഭിനേതാക്കള്‍. റഹ്മാന്‍ സഹോദരങ്ങളാണ് രചന.

സംസ്ഥാന പുരസ്‌കാരത്തിന് മികച്ച മത്സരം കാഴ്ചവച്ച ചിത്രങ്ങള്‍ തന്നെ ദേശീയ പുരസ്‌കാരത്തിനും പോരാടുന്നു എന്നതും ശ്രദ്ധേയം.

Leave A Reply

Your email address will not be published.

error: Content is protected !!