ഗോത്ര മഹാസഭ അധ്യക്ഷയും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടുമായ സികെ ജാനു വീണ്ടും എന്‍ഡിഎയിലേക്ക്.തിരുവനന്തപുരത്ത് ശംഖുമുഖത്ത് ബിജെപിയുടെ വിജയയാത്ര സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോടൊപ്പം സി.കെ.ജാനു വേദി പങ്കിട്ടു. മുന്നണി മര്യാദകള്‍ പാലിക്കും എന്ന എന്‍ഡിഎ നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് ജാനുവിന്റെ മടങ്ങിവരവ്.
എന്‍ഡിഎ നേതാക്കളുമായി രണ്ട് തവണ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സികെ ജാനുവിന്റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎയിലേക്കുളള മടങ്ങി വരവ് തീരുമാനിച്ചത്. മുന്നണി മര്യാദകള്‍ പാലിക്കുമെന്ന എന്‍ഡിഎയുടെ ഉറപ്പിനെതുടര്‍ന്നാണ് വീണ്ടും മുന്നണിയിലേക്ക് മടങ്ങാന്‍ പാര്‍ട്ടി തീരുമാനം എടുത്തത്.എന്‍ഡിഎയുടെ അവഗണനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ശേഷം കഴിഞ്ഞ ലോക്‌സഭാകാലത്ത് എല്‍ഡിഎഫിലായിരുന്നു ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി. എന്നാല്‍ മുന്നണി മര്യാദങ്ങള്‍ എല്‍ഡിഎഫ് പാലിക്കാതിരുന്നതോടെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ സ്വതന്ത്ര നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങില്‍ കേന്ദ്ര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. നേരത്തെ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്ന സികെ ജാനു 25000ത്തില്‍പ്പരം വോട്ടുകള്‍ നേടിയിരുന്നു.