വയനാട് പാക്കേജിന്റെ ഭാഗമായ കാപ്പിക്കുരു സംഭരണത്തിന് കിലോഗ്രാമിന് 12.50 രൂപ സബ്‌സിഡി അനുവദിച്ച് ധനവകുപ്പ് ഉത്തരവായി.65 രൂപ വിലയുള്ള, നിശ്ചിത നിലവാരമുള്ള കാപ്പിക്കുരു 90 രൂപയ്ക്ക് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വഴിയാണ് സംഭരിക്കുന്നത്.
കാപ്പിക്കുരുവിന്റെ വിപണിവിലയും സംഭരണവിലയും തമ്മിലുള്ള വിത്യാസം 25 രൂപയാണ്.ഇതില്‍ 12.50 രൂപ സര്‍ക്കാര്‍ വഹിക്കും. ബാക്കി 12.50 രൂപ സൊസൈറ്റിയും വഹിക്കണം. സബ്‌സിഡിക്ക് സര്‍ക്കാര്‍ പരമാവധി പത്തുകോടി രൂപ അനുവദിക്കും.
വയനാട്ടിലെ കാപ്പിക്കൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചുവര്‍ഷംകൊണ്ട് ഇരട്ടിയാക്കുന്നതിനാണ് സംഭരിക്കുന്നത്. കൂടിയ വിലയ്ക്ക് കാപ്പിക്കുരു സംഭരിച്ച് കാപ്പിപ്പൊടിയാക്കി വില്‍ക്കുന്നതിന് സര്‍ക്കാര്‍ കോഫി പാര്‍ക്ക് രൂപവത്കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.കോഫി പാര്‍ക്കിനുവേണ്ടിയുള്ള നടപടികള്‍ ഈവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.സര്‍ക്കാരിന്റെ കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ കാപ്പിപ്പൊടി ഉത്പാദിപ്പിക്കുന്നതിന് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയെ താത്കാലികമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്.
ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സൗകര്യങ്ങള്‍ കൂട്ടാന്‍ അഞ്ചുകോടി രൂപ അനുവദിക്കും. കുടുംബശ്രീയും സൊസൈറ്റിയും ചേര്‍ന്ന് 600 കോഫി വെന്‍ഡിങ് മെഷീനുകളും കോഫി വിപണനകേന്ദ്രങ്ങളും സ്ഥാപിക്കണം. ഇതിനുള്ള ചെലവായി കുടുംബശ്രീക്ക് 20 കോടി അനുവദിക്കും.കോഫി വിതരണ കേന്ദ്രങ്ങള്‍ക്ക് ബ്രഹ്മഗിരി സൊസൈറ്റി കിലോഗ്രാമിന് 400 രൂപയ്ക്കാണ് കാപ്പിപ്പൊടി നല്‍കേണ്ടത്. കിട്ടുന്ന ലാഭംകൊണ്ട് കോഫി വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനച്ചെലവും ശമ്പളച്ചെലവും വഹിക്കണം. കാപ്പിപ്പൊടിയുടെ ചില്ലറ വില്പനയുടെ 20 ശതമാനമെങ്കിലും കാപ്പിക്കര്‍ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം..