അമ്പലവയല്‍ തോമാട്ടു ചാലിലെ ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയാണ് കുപ്രസിദ്ധ മേഷ്ടാവായ വിജയനെ പിടികൂടാന്‍ പോലീസിന് സഹായമായത്. മേട്ടുപ്പാളയം സ്വദേശി വിജയനാണ് പിടിയിലായത്.സംസ്ഥാനത്ത് ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ 60ല്‍ അധികം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു
വിരലടയാളം വെച്ച് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച നടത്തിയത് വിജയനെന്ന് ഉറപ്പിച്ചത്. അമ്പലവയലില്‍ വ്യാജ വിലാസത്തില്‍ വാടകക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു വിജയന്‍. പോലീസ് ഇയാളെ കുറിച്ച് അന്വേഷണം തുടങ്ങി എന്നു മനസിലാക്കിയ വിജയന്‍ മേട്ടുപാളയത്തേക്ക് മുങ്ങുകയായിരുന്നു.അമ്പലവയല്‍ പോലീസ് മേട്ടുപാളയത്തെത്തി വിജയനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.തുടര്‍ന്നു നടത്തിയ ചോദ്യംചെയ്യലിലാണ് തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ 60 തില്‍ അധികം മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയത് .കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വയനാട്ടില്‍ നടന്ന മോഷണങ്ങള്‍ക്ക് പിന്നില്‍ വിജയനെന്നാണ് പോലീസ് നല്‍കുന്ന വിവരം.അറസ്റ്റ് ചെയ്ത ശേഷംതോമാട്ടുചാലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പുനടത്തി. ബത്തേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്റേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.അമ്പലവയല്‍ എസ്.ഐ മാരായ അനൂപ് ,സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.