സ്വന്തം ഭൂമിക്ക് അവകാശരേഖകള്‍ ജില്ലയില്‍ 2923 പട്ടയങ്ങള്‍  വിതരണം ചെയ്തു  250 പുതിയ പട്ടയങ്ങള്‍ ഉടന്‍

0

ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരുന്ന നിരവധി കുടുംബങ്ങള്‍ക്ക് പട്ടയമേളകള്‍ ആശ്വാസമായി. ജില്ലയില്‍ അഞ്ചുവര്‍ഷക്കാലയളവില്‍ 2923 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ആദിവാസി കുടുംബങ്ങളടക്കം നിരവധി കുടുംബങ്ങള്‍ ഇതോടെ ഭൂമിയുടെ അവകാശികളായി. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പിന് ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമതയോടുള്ള ഇടപെടലുകളിലൂടെ 6 പട്ടയമേളകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത്. നേരിട്ടുള്ള അപേക്ഷകള്‍ കൂടാതെ പ്രത്യേക അദാലത്തുകള്‍ വഴിയും പട്ടയത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. റവന്യു വകുപ്പിന് കിട്ടിയ അപേക്ഷകളില്‍ താലൂക്ക്, വില്ലേജ് ഓഫീസുകള്‍ വഴി അന്വേഷണം പൂര്‍ത്തിയാക്കി താമസിയാതെ പട്ടയമേളകള്‍ക്കായി തയ്യാറാക്കുകയായിരുന്നു.

ലാന്‍ഡ് ട്രിബൂണല്‍ പട്ടയങ്ങളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത്. 1572 കുടുംബങ്ങളാണ് എല്‍.ടി പട്ടയം കിട്ടിയതോടെ ഭൂമിയുടെ അവകാശികളായത്. പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള കൈവശ രേഖ (557), 2006 ലെ വനാവകാശ നിയമപ്രകാരം പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പട്ടയം (80), എല്‍.എ പട്ടയം (363), ലക്ഷം വീട് പട്ടയം (45), മിച്ചഭൂമി പട്ടയം (19), ദേവസ്വം പട്ടയം (143), കൈവശരേഖ (85), ഭൂരഹിതരില്ലാത്ത കേരളം (59) എന്നീ പട്ടയങ്ങളാണ് ഇതുവരെ ജില്ലയില്‍ വിതരണം നടത്തിയത്.

വനാവകാശ നിയമ പ്രകാരം വിതരണം ചെയ്ത ഭൂമിയുടെ പട്ടയം ലഭിച്ചതോടെ ആദിവാസി കുടുംബങ്ങള്‍ക്ക് പുതിയ ജീവിതത്തിന് വഴി തുറന്നു. ഏറെക്കാലമായി വനത്തിനുള്ളിലും മറ്റുമായി ജീവിച്ച പൂരിപ്പിച്ച ഈ കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖകള്‍ കിട്ടിയതോടെ സ്വന്തം വീട് എന്ന സ്വപ്നവും നിറവേറുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പതിച്ചു കിട്ടിയ ഭൂമിക്ക് കൈവശ അവകാശം ലഭ്യമാകാത്തതിനാല്‍ വീട്, വൈദ്യുതി എന്നിവയെല്ലാം ഒരുക്കാന്‍ വെല്ലുവിളികളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ചാണ് വനവാസികളുടെ ഭൂമിയുടെ പട്ടയം നല്‍കാനുള്ള നടപടികള്‍ റവന്യുവകുപ്പ് ത്വരിതപ്പെടുത്തിയത്.

ജില്ലയില്‍ പുതിയ 250 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാനായി ഒരുങ്ങുകയാണ്. എല്‍.ടി പട്ടയം (100), ദേവസ്വം (15), എല്‍.എ (6), സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച നിക്ഷിപ്ത വനഭൂമിയുടെ കൈവശ രേഖ (70) എന്നിങ്ങനെ വിതരണത്തിനായി ഒരുങ്ങുന്നുണ്ട്. സാധാരക്കാരുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. സ്വന്തം ഭൂമിയുടെ അവകാശ രേഖകള്‍ക്കായി കാത്തിരിപ്പില്ലാതെ പട്ടയങ്ങള്‍ വിതരണം ചെയ്യുന്ന പ്രക്രിയകള്‍ക്കും വനവാസ സമൂഹത്തിന്റേത് ഉള്‍പ്പെടെയുള്ളവര്‍ക്കും രേഖകള്‍ ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണനയാണ് നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പുതിയ പട്ടയങ്ങളുടെ വിതരണ നടപടികള്‍ ജില്ലാ ഭരണകൂടം ഊര്‍ജ്ജിതമാക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!