മൂന്നാം തരംഗം: മുന്നൊരുക്കവുമായി ആരോഗ്യവകുപ്പ്; 33 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ ഉടൻ സജ്ജമാക്കും

0

കൊവിഡ് വ്യാപന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകുമെന്ന വിദഗ്‌ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കൊവിഡ് രണ്ടാം തരംഗത്തിൽ നിന്നും സംസ്ഥാനം പൂർണമായി മോചനം നേടിയിട്ടില്ല. കേരളത്തിൽ ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗ സാധ്യത നിലനിൽക്കുകയാണ്. അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസിന്റെ സാന്നിധ്യവുമുണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഓക്സിജൻ ലഭ്യതയും ചികിത്സാസൗകര്യങ്ങളും ഉറപ്പ് വരുത്താൻ ആരോഗ്യവകുപ്പ് പ്രത്യേക അവലോകന യോഗം ചേർന്നു. മൂന്നാം തരംഗമുണ്ടായാൽ ഓക്സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങൾ യോഗം ചർച്ച ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, സംസ്ഥാനത്തിന്റെ പദ്ധതികൾ, സി.എസ്.ആർ. ഫണ്ട്, സന്നദ്ധ സംഘടനകളുടെ ഫണ്ട് എന്നിവയുപയോഗിച്ചാണ് സംസ്ഥാനത്തെ ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് മന്ത്രി മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. ഇതിലൂടെ 77 മെട്രിക് ടൺ ഓക്സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും. കൊവിഡ് കേസുകളിലെ വർധനവും മൂന്നാം തരംഗവും മുന്നിൽ കണ്ട് മെഡിക്കൽ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കൊവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതൽ shekaram ഉറപ്പ് വരുത്താനും വകുപ്പ് മേധാവികൾക്ക് മന്ത്രി നിർദേശം നൽകി.

സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 38 ഓക്സിജൻ ജനറേഷൻ യൂണിറ്റുകളുടെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കൊവിഡ് രണ്ടാം പാക്കേജിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചർച്ച നടത്തി. യുദ്ധകാലാടിസ്ഥാനത്തിൽ ഈ പദ്ധതികളുടെ നിർവഹണം പൂർത്തിയാക്കുന്നതിന് കെ.എം.എസ്.സി.എൽ, ആരോഗ്യ വകുപ്പ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!