നിയമസഭ ഇലക്ഷന് മുമ്പേ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരുമുന്നണിയും വ്യാപാരികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നില്ലെന്നാണ് സംഘടന ഭാരവാഹികള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിലാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സര രംഗത്ത് വരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുമുന്നണികളോടും വിദ്വേഷമില്ല. സര്‍ക്കാറിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന സമൂഹമാണ് 10ലക്ഷത്തോളം വരുന്ന വ്യാപാരികള്‍. എന്നാല്‍ ഇക്കഴിഞ്ഞ നാലുവര്‍ഷമായി നോട്ടുനിരോധനം, പ്രളയം, കൊവിഡ് പ്രതിസന്ധി എന്നിവ കാരണം വ്യാപാര മേഖല തകര്‍ന്നപ്പോള്‍ മേഖലയെ പുനരുദ്ധരിക്കാനായി ഒരു സഹായവും സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുമുണ്ടായില്ല.
തങ്ങളുടെ വോട്ടുമാത്രമാണ് വേണ്ടതെന്നും, ബഡ്ജറ്റില്‍ പോലും ഒന്നും വ്യാപാരികള്‍ക്കായി ഇല്ലെന്നും വ്യാപാര ക്ഷേമനിധി പോലും കിട്ടുന്നില്ല ഈ സാഹചര്യത്തിലാണ് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കാനൊരുങ്ങുന്നതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ വാസുദേവന്‍ പറഞ്ഞു. ഇതിനായി സംഘടനയുടെ ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അതിനായി സംസ്ഥാന കൗണ്‍സിലും ജില്ലാ കൗണ്‍സിലും ചേര്‍ന്ന് തീരുമാനിക്കുമെന്നും തങ്ങളെ പരിഗണിക്കുന്നവരെ പരിഗണിക്കുമെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്.
എന്തായാലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് ഭീഷണിയായി വ്യാപാരി വ്യവസായി ഏകോപന സമിതിയുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.