ജില്ലാ കേരളോത്സവം കലാ മത്സരങ്ങള്‍ സമാപിച്ചു

0

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാ മത്സരങ്ങള്‍ സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്റ്റേജ് മത്സരങ്ങള്‍ക്കാണ് സമാപനമായത്. കലാ മത്സരങ്ങളില്‍ 289 പോയിന്റ് നേടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും 244 പോയിന്റ് നേടി മുനിസിപാലിറ്റി തലത്തില്‍ മാനന്തവാടി നഗരസഭയും ഒന്നാമതായി.

ബ്ലോക്ക് തലത്തില്‍ 222 പോയിന്റോടെ പനമരം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനത്തും 161 പോയിന്റോടെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മൂന്നാമതും 108 പോയിന്റ് നേടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നാലാമതുമായി .
നഗരസഭകളില്‍ 124 പോയിന്റ് നേടി കല്‍പ്പറ്റ നഗരസഭ രണ്ടാമതും 61 പോയിന്റ് നേടി ബത്തേരി നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി. കേരളോത്സവത്തില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മൊമന്റോ വിതരണവും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം പി എം ഷബീറലി നിര്‍വ്വഹിച്ചു.മാനന്തവാടി നഗരസഭ ഭരണ സമിതി അംഗം അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗം ലതാ ശശി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മീനാക്ഷി രാമന്‍, അമല്‍ ജോയ്, സിന്ധു ശ്രീധര്‍, എ എന്‍ സുശീല, കെ വിജയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി സി മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മത്സരിച്ച് വിജയിച്ചവരാണ് ജില്ലാ തലത്തില്‍ മത്സരച്ചിത്. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയവര്‍ സംസ്ഥാന തലത്തില്‍ മാറ്റുരയ്ക്കും. കേരളോത്സവത്തിന്റെ ഇന്‍ഡോര്‍ കായിക മത്സരങ്ങള്‍ ഇന്ന് തുടങ്ങും.

*കേരളോത്സവം ഔട്ട്‌ഡോര്‍ മത്സരങ്ങള്‍ മാറ്റി*

പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് ജില്ലാ കേരളോത്സവത്തില്‍ നടത്താന്‍ തിരുമാനിച്ചിരുന്ന ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ മാറ്റി, ഇന്‍ഡോര്‍ മത്സരങ്ങളായ ഷട്ടില്‍, ചെസ്. നീന്തല്‍, ബാറ്റ്മിന്റണ്‍, കളരിപ്പയറ്റ് ഇനങ്ങള്‍ക്ക് മാറ്റമില്ല. മാറ്റിയ മത്സരങ്ങളുടെ തിയ്യതി പിന്നീട് അറിയിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!