മൊബൈല്‍ ഐസിയു  വാഹനം റെഡി .ഐസിയു ഇല്ല 

0

വാഹനമെത്തി നാലുമാസം പിന്നിട്ടിട്ടും പ്രവര്‍ത്തനം ആരംഭിക്കാതെ ബത്തേരി താലൂക്ക് ആശുപത്രിയിലെ മൊബൈല്‍ ഐസിയു.എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 50ലക്ഷം തുക വകയിരുത്തിയാണ് മൊബൈല്‍ ഐസിയുവിനുള്ള വാഹനമെത്തിച്ചത്. എന്നാല്‍ ധനകാര്യവകുപ്പില്‍ ഫണ്ട് ലഭ്യമാകാത്തതാണ് ഐസിയു പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഏറെക്കാലത്തെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഐസിയു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി വാഹനമെത്തിച്ചത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഇതിന്റെ ഭാഗമായി ഭരണാനുമതി ലഭിച്ച് ആംബുലന്‍സ് വാഹനം എത്തിച്ചു. വാഹനമെത്തിച്ച് നാല് മാസം പിന്നിട്ടിട്ടും ഇതുവരെ അനുബന്ധ സംവിധാനം ഒരുക്കാത്തതിനാല്‍ മൊബൈല്‍ ഐസിയു പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.ധനകാര്യ വകുപ്പില്‍ നിന്നും ഫണ്ട് പാസായി വരാത്തതാണ് ഐസിയുവിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സര്‍ക്കാര്‍ തലത്തില്‍ മൊബൈല്‍ ഐസിയു സംവിധാനം ഇല്ലാത്തതിനാല്‍ സാധരണക്കാരടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. അവശ്യ സമയത്ത് മൊബൈല്‍ ഐസിയു ലഭിക്കാത്തതിനെ തുടര്‍ന്ന് മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൊബൈല്‍ ഐസിയു സാങ്കേതിക തടസങ്ങള്‍ നീക്കി എത്രയുംപെട്ടന്ന് പ്രവര്‍ത്തനയോഗ്യമാക്കണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!