സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഹരിതം;പദ്ധതിക്ക് തുടക്കമായി

0

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതവത്ക്കരിക്കുന്നതിനുള്ള ഹരിത ഓഡിറ്റിന് തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിത കേരളം മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഓഡിറ്റിങ്ങിന് വിധേയമാക്കി ഹരിത ഓഫീസുകള്‍ എന്ന ബഹുമതി നല്‍കുന്നത്.

പരിശോധന സമിതി അംഗങ്ങള്‍ ജില്ലാതല ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകള്‍, ബ്ലോക്ക് ഓഫീസുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രീന്‍ ഓഫീസ് സര്‍ട്ടിഫിക്കറ്റും ഗ്രേഡും നല്‍കും.ഇരുപത്തി രണ്ട് ഇനങ്ങളുടെ പരിശോധനയില്‍ 100 മാര്‍ക്കില്‍ 90-100 നേടുന്ന ഓഫീസുകള്‍ക്ക് എ ഗ്രേഡും 80-89 വരെ നേടുന്നവര്‍ക്ക് ബി ഗ്രേഡും 70-79 വരെ നേടുന്നവര്‍ക്ക് സി ഗ്രേഡും നല്‍കും. എ ഗ്രേഡ് ലഭിക്കുന്ന ജില്ലയിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആദ്യ മൂന്ന് ഓഫീസുകള്‍ക്ക് അവാര്‍ഡും നല്‍കും. ജനുവരി 26 ന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഹരിത ഓഫീസ് പ്രഖ്യാപനം നടത്തും. തദ്ദേശ സ്വയം ഭരണ തലത്തില്‍ അതത് ഓഫീസുകളില്‍ ജനപ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.ചടങ്ങില്‍ ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, ജില്ലാ പ്ലാനിംഗ് ഇന്‍ ചാര്‍ജ് ഓഫീസര്‍ സുഭദ്ര നായര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!