കൊവിഡ് മരണങ്ങളില്‍ ധന സഹായത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

0

സംസ്ഥാനത്ത് കൊവിഡ് മരണങ്ങളില്‍ ധന സഹായത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. മരിച്ചയാളുടെ ഉറ്റബന്ധുവാണ് അപേക്ഷിക്കേണ്ടത്.ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റിനും, വിട്ടുപോയ മരണങ്ങളെ പട്ടികയിലുള്‍പ്പെടുത്താനും ആണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഓണ്‍ലൈനായും പി.എച്ച്.സികള്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി നേരിട്ടും അപേക്ഷിക്കാം. ജില്ലാതലസമിതി ഒരു മാസത്തിനകം തീരുമാനമെടുക്കും. അന്‍പതിനായിരം രൂപയുടെ സഹായം കാത്ത് ഇരുപത്തിഅയ്യായിരത്തോളം കുടുംബങ്ങളാണ് കേരളത്തിലുള്ളത്.

കേരള സര്‍ക്കാര്‍ കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഐസിഎംആര്‍ പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശ പ്രകാരം കൊവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും, കേരള സര്‍ക്കാര്‍ ഇതുവരെ കൊവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കൊവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തതും, ഏതെങ്കിലും പരാതിയുള്ളവര്‍ക്കും, പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!