സ്തീ ചെയ്യുന്ന വീട്ടുജോലി പുരുഷൻ ചെയ്യുന്ന ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രിം കോടതി. 2014ൽ ഡൽഹിയിൽ വച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾ കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ പരാമർശം. പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചു.
മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടുജോലിക്കാരിയായിരുന്നു. ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് അന്ന് നിശ്ചയിച്ച ട്രൈബ്യൂണൽ ഇൻഷൂറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് കേസിലെ അപ്പീൽ പരിഗണിച്ച ഡൽഹി കൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കി. എന്നാൽ, 33.20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിം കോടതി ഇൻഷൂറൻസ് കമ്പനിയോട് ഉത്തരവിടുകയായിരുന്നു. ഈ തുകയ്ക്ക് മെയ് 2014 മുതലുള്ള 9 ശതമാനം പലിശയും കുടുംബത്തിനു നൽകണം. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് ഉത്തരവ്.
2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് വീട്ടുജോലി ചെയ്യുന്നത്. വീട്ടുജോലി ചെയ്യുന്ന പുരുഷന്മാർ ആകെ 5.79 ദശലക്ഷം മാത്രമാണ്. ഒരു സ്ത്രീ ഒരു ദിവസം ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. പുരുഷന്മാർ ഒരു ദിവസം ചെലഴിക്കുന്നത് 97 മിനിട്ടാണ്. വീടുകളിലെ ആളുകളെ പരിചരിക്കാനും ശുശ്രൂഷിക്കാനുമായി 134 മിനിറ്റാണ് ഒരു ദിവസം സ്ത്രീ ചെലവഴിക്കുന്നത്. പുരുഷന്മാർ ഇക്കാര്യത്തിൽ 76 മിനിട്ട് ചെലവഴിക്കുന്നുണ്ട്. ഒരു സ്ത്രീ ഒരു ദിവസം വീട്ടുജോലിക്കായി 16.9 ശതമാനം സമയവും ശുശ്രൂഷയ്ക്കായി 2.6 ശതമാനം സമയവും ചെലവഴിക്കുമ്പോൾ പുരുഷന്മാർ യഥാക്രമം 1.7, 0.8 ശതമാനവുമാണ് ദിവസേന ചെലഴിക്കുന്നതെന്നും കോടതി പറഞ്ഞു.