വെള്ളമുണ്ട എസ്ബിഐ പടിഞ്ഞാറത്തറ ബ്രാഞ്ചിലേക്ക് ലയിപ്പിക്കാന്‍ നീക്കം
വെള്ളമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചാണ് പടിഞ്ഞാറത്തറ ബ്രാഞ്ചുമായി ലയിപ്പിക്കാന്‍ നീക്കം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബാങ്കില്‍ സന്ദര്‍ശനം നടത്തിയതായി അറിയുന്നു. ബ്രാഞ്ചുകളിലെ ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചും ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുമാണ് ഈ നടപടി എന്നാണ് സൂചന. മാനന്തവാടി ടൗണില്‍ അടക്കം രണ്ട് ബ്രാഞ്ചുകള്‍ നിലവില്‍ തുടരുമ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളമുണ്ട ബ്രാഞ്ചിനെ പടിഞ്ഞാറത്തറ ബ്രാഞ്ചിലേക്ക് ലയിപ്പിക്കുന്നത് വെള്ളമുണ്ടയുടെ വികസന കുതിപ്പിനു തടസ്സം സൃഷ്ടിക്കും.കൂടുതല്‍ ബാങ്ക് ശാഖകളുള്ള ടൗണുകളില്‍ നിന്നും ശാഖകള്‍ ഏകീകരിക്കുകയും, ജീവനക്കാര്‍ കുറവുള്ള ശാഖകളിലേക്ക് ജീവനക്കാരെ മാറ്റി നിയമിക്കുകയും ചെയ്യാതെ. ബ്രാഞ്ചുകള്‍ തമ്മില്‍ ലയിപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പാണ്.എന്നാല്‍ ലയന നീക്കത്തെ പറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.