രാജ്യത്ത് ആദ്യമായി കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നു
ചൈനയിലെ വുഹാനില്‍ നിന്ന് ലോകമെമ്പാടും വ്യാപിച്ച കൊറോണ വൈറസ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് തൃശൂരില്‍ എത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിക്കായിരുന്നു ജനുവരി 30 ന് കൊവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗവ്യാപനത്തിന്റെ ഒന്നാംഘട്ടമായ ജനുവരി 30 മുതല്‍ മാര്‍ച്ച് ഒന്നുവരെ മൂന്ന് പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. പിന്നീട് രാജ്യം ലോക്ക്ഡൗണിലേക്ക് അടക്കം മാറുകയായിരുന്നു.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി രണ്ട് സിഎജി റിപ്പോര്‍ട്ടുകളാണ് 2020 ല്‍ പുറത്തുവന്നത്. പൊലീസിന്റെ 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്നായിരുന്നു ആദ്യ സിഎജി റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ നഷ്മായെന്ന് പറഞ്ഞ തോക്കുകള്‍ എസ്എപി ക്യാമ്പില്‍ കണ്ടെത്തി. കിഫ്ബിക്കെതിരെയായിരുന്നു സിഎജിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ട്. ധനമന്ത്രി തോമസ് ഐസക്കാണ് സിഎജിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുംമുന്‍പ് പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഏറെ വിവാദങ്ങളും ഉയര്‍ന്നു
കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക്
പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ. സുരേന്ദ്രന്‍ എത്തിയത് ഫെബ്രുവരി 15 നായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു കെ. സുരേന്ദ്രന്‍.
സ്വര്‍ണക്കടത്തും സ്വപ്‌നയുടെയും എം. ശിവശങ്കറിന്റെയും അറസ്റ്റും
തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം എത്തിയത് ജൂണ്‍ 30 നായിരുന്നു. ഇതിന് പിന്നാലെ സ്വര്‍ണക്കടത്തിലെ മുഖ്യആസൂത്രക സ്വപ്‌ന സുരേഷാണെന്ന് കണ്ടെത്തുന്നു. സ്വപ്‌ന നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഏറെ വിവാദങ്ങളാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തുടര്‍ന്ന് ഉണ്ടായത്. മന്ത്രിസഭയിലെ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും അടക്കം ചോദ്യംചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പില്‍ ഹാജരായി. ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും എന്‍ഫോഴ്‌സ്‌മെന്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
സ്പ്രിംഗ്‌ളര്‍, ഇ – മൊബിലിറ്റി വിവാദങ്ങള്‍
സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ വിവാദങ്ങുടെ നീണ്ട നിരയായിരുന്നു 2020 ല്‍ സര്‍ക്കാര്‍ നേരിടേണ്ടിവന്നത്. കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് എത്തിയത്. ഇതിന് പിന്നാലെ ഇ മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ അടക്കം അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്ത് എത്തി.
കെ.എം.ഷാജിക്കെതിരെ വിജിലന്‍സ്
അഴീക്കോട് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസില്‍ കെ.എം. ഷാജിക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് 2020 ഏപ്രില്‍ 18 നായിരുന്നു. ഇതിന് പിന്നാലെ കെ.എം. ഷാജിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ ആക്ട് പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് നടപടികളിലേക്ക് കടന്നിരുന്നു. കെ.എം. ഷാജിയുടെ വീട് നിര്‍മാണത്തിലെ ക്രമക്കേടും ഇതിനിടയില്‍ ചര്‍ച്ചയായി. എന്‍ഫോഴ്‌സ്‌മെന്റ് രണ്ടുതവണ കെ.എം. ഷാജിയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തു.
ഉത്രകൊലക്കേസ്
കൊല്ലം അഞ്ചല്‍ ഏറത്ത് ഉത്രയെന്ന 25 കാരിയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത് 2020 മേയ് ആറിനായിരുന്നു. ആദ്യം പാമ്പുകടിയേറ്റാണ് ഉത്ര മരിച്ചതെന്ന് കരുതിയിരുന്നെങ്കിലും സംഭവം മാറിമറിഞ്ഞത് പിന്നീടാണ്. പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയതെന്ന് പിന്നീട് പുറത്തുവരികയായിരുന്നു. തുടര്‍ച്ചയായി രണ്ടുതവണ പാമ്പുകടിയേറ്റതില്‍ സംശയം തോന്നിയ ഉത്രയുടെ ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
പാലക്കാട് മണ്ണാര്‍ക്കാട് പടക്കം പൊട്ടി ആന ചരിഞ്ഞതും വിവാദങ്ങളും
പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു പൊട്ടി ചത്ത സംഭവം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 2020 മെയ് 27 നായിരുന്നു രാജ്യത്താകെ ചര്‍ച്ചയായ സംഭവം നടന്നത്. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനായിരുന്നു പല നേതാക്കളും ശ്രമിച്ചത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും രാജ്യത്തെ ഏറ്റവും അക്രമാസക്തമായ ജില്ലയാണ് മലപ്പുറമെന്നും മനേകാ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു.
ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തത് ജൂലൈ 30 നായിരുന്നു. ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് സിബിഐ
കേരളത്തെ കണ്ണീരിലാഴ്ത്തി പെട്ടിമുടി ദുരന്തം
കേരളത്തെ കണ്ണീരിലാഴ്ത്തിയ പെട്ടിമുടി ദുരന്തം നടന്നത് 2020 ഓഗസ്റ്റ് ആറിനായിരുന്നു. മൂന്നാം പ്രളയത്തിന്റെ സാധ്യതകളുടെ ആശങ്കയില്‍ കേരളം കഴിയുന്നതിനിടെയാണ് തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ക്ക് മുകളിലേക്ക് ഉരുള്‍ പൊട്ടിയെത്തിയത്. ഗതാഗത, വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായതോടെ ദുരന്തം പുറംലോകമറിയാന്‍ വൈകി. ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ 66 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാലുപേരെ കണ്ടെത്താനായില്ല
കരിപ്പൂര്‍ വിമാനാപകടം
പെട്ടിമുടി ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്ന് നാട് മുക്തമാകുന്നതിന് മുന്‍പാണ് ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായെത്തിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൊവിഡ് ഭീതിക്കിടെ നടന്ന അപകടത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി നാട് ഒന്നിച്ചത് അപകടത്തിന്റെ തീവ്രത കുറച്ചു
വിവാദങ്ങളുയര്‍ത്തി സെക്രട്ടേറിയറ്റിലെ തീപിടുത്തം
ഓഗസ്റ്റ് 25 ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലുള്ള പൊതുഭരണ വകുപ്പില്‍ തീപിടുത്തമുണ്ടാകുന്നത്. സര്‍ക്കാരിനെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനായി ആസൂത്രിതമായി തീയിട്ടതാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതോടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സെക്രട്ടേറിയറ്റില്‍ തീപിടിച്ചത് ഫാനില്‍ നിന്നാണെന്നും സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ജോസ് കെ. മാണി ഇടത്തേക്ക്
യുഡിഎഫില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയത് 2020 ഓഗസ്റ്റ് 14 നാണ്. പാലായില്‍ ജോസ് കെ. മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്. ജൂണ്‍ 29 നായിരുന്നു യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയത്.
ബിനിഷ് കോടിയേരി അറസ്റ്റില്‍
ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് ഒക്ടോബര്‍ 29 നാണ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപെടലിലായിരുന്നു അറസ്റ്റ്. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇതിന് പിന്നാലെ രാഷ്ട്രീയ ആരോപണങ്ങള്‍ ഇടതുമുന്നണിക്ക് നേരെ ഉയര്‍ന്നു. കോടിയേരി ബാലകൃഷ്ണന് എതിരെ അടക്കം ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതിനിടെ നവംബര്‍ 13 ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ അവധി അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ അപേക്ഷ പരിഗണിച്ചായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ഇന്ത്യയെ കരയിപ്പിച്ച എസിപിബിയുടെ വിയോഗം
ശങ്കരാഭരണത്തിലെ ശങ്കരാ നാദ ശരീരാപരാ എന്ന ഒറ്റഗാനം കൊണ്ട് തെന്നിന്ത്യക്കും ഭാരതത്തിനൊന്നാകെയും പ്രിയങ്കരനായി മാറിയ എസിപിബിയുടെ അസംഖ്യം ഭാവഗാനങ്ങള്‍ അദ്ദേഹം മറഞ്ഞിട്ടും ഇപ്പോഴും ആകാശത്തില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു. മലരേ മൗനമാ എന്ന ചേദ്യം എസ്പിബിയുടെ പാട്ടുകളെ പ്രണയിച്ചവര്‍ അദ്ദേഹത്തിന്റെ വിയോഗം കൊണ്ട് മൂകമായ മനസുകളോട് ചോദിച്ചു കൊണ്ടേയിരിക്കുന്നു. 2020 സെപ്തംബര്‍ 25നായിരുന്നു ഇന്ത്യയെ കരയിപ്പിച്ച ആ വിയോഗം.
സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം

സംസ്ഥാനത്ത് സിബി ഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത് നവംബര്‍ നാലിനാണ്. മന്ത്രിസഭാ യോഗത്തിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. നവംബര്‍ 17 ന് സിബിഐക്ക് വിലക്ക് ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കി. ഇതോടെ സര്‍ക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സംസ്ഥാനത്ത് ഇനി സിബിഐക്ക് കേസ് എടുക്കാനാവൂ.
എം പി വിരേന്ദ്ര കുമാറിന്റെ ദേഹവിയോഗം
എം പി വിരേന്ദ്ര കുമാറിന്റെ ദേഹവിയോഗത്തെ കുറിച്ച് ഓര്‍മ്മിക്കാതെ വാക്കുകളിലെങ്കിലും സ്മരണാഞ്ജലി നേരത്തെ ഈ വര്‍ഷാന്ത സ്മരണകള്‍ പൂര്‍ത്തിയാവില്ല. മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടര്‍, മുന്‍ എംപി, ഗ്രന്ഥകാരന്‍ ,സംസ്‌ക്കാരിക പ്രതിഭ, മുന്‍ മന്ത്രി , പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍ , വയനാടിന്റെ സാസ്‌ക്കാരിക നിര്‍മ്മിതിയില്‍ ദീര്‍ഘ ദര്‍ശിയായ വഴികാട്ടി അങ്ങനെ അങ്ങനെ അനേകമുണ്ട് വിരേന്ദ്രകുമാറിന് വിശേഷണങ്ങള്‍.
ജയങ്ങളും അപജയങ്ങളുമായി അന്ത്യം വരെ ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ നിറഞ്ഞു നിന്ന വിരേന്ദ്രകുമാര്‍ 2020 മെയ് 28ന് ചരമഗതിയടഞ്ഞു.ദിവംഗതനായെങ്കിലും അദ്ദേഹത്തിന്റെ സ്മരണകളില്‍ നിന്ന് കര്‍മ്മഭൂമിയായ വയനാടിന് മോചനമുണ്ടാവില്ല. രാമന്റെ ദുഖവും ഹൈമവതഭൂവിലും ഉള്‍പ്പെടെ രചനകളില്‍ പര്‍വതങ്ങകളുടെ അധ്യാത്മ ഭാഷ വായിച്ചെടുക്കാന്‍ മലയാളിയെ പഠിപ്പിച്ചെടുത്തത് വീരേന്ദ്രകുമാര്‍ കൃതികളാണ്.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ അറസ്റ്റില്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീനെ നവംബര്‍ ഏഴിനാണ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 27 നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 123 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എം.സി. കമറുദ്ദീനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു പാലാരിവട്ടം പാലം അഴിമതിക്കേസിലുള്ള വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. ഇബ്രാഹിംകുഞ്ഞിനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ എത്തിയാണ് നവംബര്‍ 18 ന് വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 22 ന് പാലാരിവട്ടം പാലം പൊളിച്ചുപണിയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. പാലം ഭാരപരിശോധന നടത്താന്‍ കഴിയാത്തവിധം അപകടാവസ്ഥയിലാണെന്ന വാദം ശരിവച്ചുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ മുന്നേറ്റം

ഏറെ വിവാദങ്ങള്‍ കത്തിനിന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വലിയ രീതിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. കൊവിഡ് പശ്ചാതലത്തില്‍ മൂന്ന് ഘട്ടങ്ങളായി നടത്തിയ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണുണ്ടായത്. ഗ്രാമ പഞ്ചായത്തുകളില്‍ 7262 വാര്‍ഡുകളും ബ്ലോക്ക് പഞ്ചായത്തില് 1266 വാര്‍ഡുകളും ജില്ലാ പഞ്ചായത്തില്‍ 212 വാര്‍ഡുകളും മുനിസിപ്പാലിറ്റിയില്‍ 3078 വാര്‍ഡുകളും കോര്‍പറേഷനില്‍ 414 വാര്‍ഡുകളും എല്‍ഡിഎഫ് നേടി.
കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം
കാര്‍ഷിക നിയമത്തിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനുള്ള തീരുമാനത്തിനെതിരെ ഗവര്‍ണര്‍ രംഗത്ത് എത്തിയത് വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. സഭ ചേരേണ്ട അടിയന്തര പ്രാധാന്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രാധാന്യം വിശദീകരിച്ച് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെ 31 ന് നിയമസഭാ യോഗം ചേര്‍ന്നു. 23 ന് ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം ഗവര്‍ണറുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റിവയ്‌ക്കേണ്ടി വന്നത്.
നിയമപോരാട്ടത്തിനൊടുവില്‍ അഭയ കേസില്‍ വിധി
28 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ അഭയ കേസില്‍ വിധി വന്നത് ഡിസംബര്‍ 23 നാണ്. ഒന്നാം പ്രതിയായ ഫാ. തോമസ് എം. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്.
സുഗതകുമാരി വിടവാങ്ങി

മലയാളത്തിന്റെ അമ്മമനസ് സുഗതകുമാരി വിടവാങ്ങിയത് 2020 ന്റെ തീരാനഷ്ടമാണ്. ഡിസംബര്‍ 23 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സുഗതകുമാരിയുടെ രാഷ്ട്രീയം പ്രകൃതിയുടെയും പരിസ്ഥിതിയുടേതുമായിരുന്നു. ചൂഷിത പെണ്‍മയുടേതായിരുന്നു. സ്വയം ചിറകൊടിഞ്ഞ കാട്ടുപക്ഷിയായി മാറാനും രാത്രിമഴയായി രൂപാന്തരപ്പെടാനും സുഗതകുമാരിക്ക് ഒരെസമയം സാധിക്കുമായിരുന്നു.