വയനാട് ജില്ലയില്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള.

0

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 10 ന് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകുന്നേരം 6 മണിക്ക് അവസാനിക്കും.

പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിര്‍ത്തണമെന്നാണ് ചട്ടം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് രാവിലെ മുതല്‍ നടക്കും. അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക.

ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് സജ്ജീകരിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരിക്കുക.ഡിസംബര്‍ 16 ന് വോട്ടെണ്ണലും ഇവിടങ്ങളില്‍ വെച്ച് തന്നെ നടക്കും.

പ്രത്യേക പോസ്റ്റല്‍ ബാലറ്റ്

  • കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ പുരോഗമിക്കുന്നു.
  • പ്രത്യേക വോട്ടര്‍ പട്ടികയില്‍ 6444 പേര്‍.
    1971 പോസിറ്റീവായവരും 4773 ക്വാറന്റീനില്‍ കഴിയുന്നവരും.
    സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നതിന് 104 വീതം സ്‌പെഷല്‍ പോളിങ്ഓഫീസര്‍മാരും അസിസ്റ്റന്റുമാരും
  • കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും താമസ കേന്ദ്രങ്ങളിലെത്തി ബാലറ്റ് പേപ്പറുകള്‍ നല്‍കും .
  • വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒമ്പതിന് വൈകിട്ട് മൂന്നു വരെ കോവിഡ് 19 രോഗബാധിതരാകുന്നവരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴിയാണ് വോട്ട് ചെയ്യാന്‍ അനുവദിക്കുക.
    ഓരോ ദിവസവും ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫിസര്‍ പട്ടിക തയ്യാറാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.
  • 9 ന് മൂന്ന് മണിക്ക് ശേഷം പോസിറ്റീവാകുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ദിവസം അവസാനത്തെ ഒരു മണിക്കൂറില്‍ പൂര്‍ണ്ണ സുരക്ഷാക്രമീകരണങ്ങളോടെ ബൂത്തില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം.
  • സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാലിലൂടെയും അയച്ച് കൊടുക്കും.
    ബാലറ്റ് പേപ്പറുകള്‍ നേരിട്ട് നല്‍കാന്‍ കഴിയാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ മേല്‍വിലാസത്തിലേക്ക് വരണാധികാരികള്‍ ബാലറ്റുകള്‍ തപാല്‍ മാര്‍ഗ്ഗം അയയ്ക്കും. ബാലറ്റിനായി സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടും വരണാധികാരിക്ക് അപേക്ഷ നല്‍കാം
  • വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റ് വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുമ്പ് ലഭിക്കത്തക്ക വിധം ബന്ധപ്പെട്ട വരണാധികാരിക്ക് തപാല്‍ മാര്‍ഗ്ഗമോ ആള്‍വശമോ എത്തിക്കണം. ഇതിനായി വരണാധികാരി ഓഫീസുകളില്‍ ചുമതലക്കാരും ഡ്രോപ് ബോക്സും ഉണ്ട്.
Leave A Reply

Your email address will not be published.

error: Content is protected !!