വയനാട് അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ മുന്നണികള്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി നീലഗിരി വയനാട് എന്‍എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി. രാത്രി യാത്രാ നിരോധനം, റെയില്‍വേ, മെഡിക്കല്‍ കോളേജ് എന്നീ വിഷയങ്ങളില്‍ നിന്നും മുന്നണികള്‍ ഒളിച്ചോടുകയാണെന്നും ഈ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കണമെന്നും ആവശ്യം.
തദ്ദേശ- നഗരസഭ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്നും മുന്നണികള്‍ ഒളിച്ചോടുകയാണെന്നാണ് റെയില്‍വേ ആക്ഷന്‍ കമ്മറ്റിയുടെ ആരോപണം. രാത്രി യാത്രാ നിരോധനം, വയനാട് റെയില്‍വേ, മെഡിക്കല്‍ കോളേജ് എന്നീ വിഷയങ്ങളൊന്നും മുന്നണികള്‍ ചര്‍ച്ചാവിഷയമാക്കുന്നില്ല. ഈ പ്രശ്നങ്ങളില്‍ മുന്നണികളുടെ നിലപാട് അറിയാന്‍ വയനാട്ടിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നാണ് റെയില്‍വേ ആക്ഷന്‍ കമ്മറ്റി പറയുന്നത്. വോട്ട് നേടി വിജിയിക്കാനായി പ്രാദേശിക തര്‍ക്ക വിഷയങ്ങളാണ് മുന്നണികള്‍ പൊതുജനങ്ങള്‍ക്ക് മുമ്പാകെ വെക്കുന്നത്. ഇതില്‍ നിന്നും മാറി വയനാടിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കണമെന്നാണ് ആക്ഷന്‍ കമ്മറ്റിയുടെ അഭിപ്രായം. ഇതിനുപുറമെ ഈ വിഷയങ്ങളില്‍ മുന്നണികളുടെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും ആക്ഷന്‍കമ്മറ്റി ചൂണ്ടികാണിച്ചു.