യുഎഇ ദേശീയ ദിനം; ആഘോഷം അതിരുവിട്ടാല്‍ കര്‍ശന നടപടിയെന്ന് പൊലീസ്

0

യുഎഇ ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി പൊലീസ്. വാഹനങ്ങള്‍ അലങ്കരിക്കുന്നതിനടക്കമുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമെ കൊവിഡ് സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേരുന്നതിനും ഇത്തവണ വിലക്കേര്‍ പ്പെടുത്തിയിട്ടുണ്ട്.

മറ്റുള്ളവരുടെ സുരക്ഷക്ക് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവരില്‍ നിന്ന് 2000 ദിര്‍ഹം പിഴ ഈടാക്കുന്നതിനൊപ്പം 12 ബ്ലാക് പോയിന്റുകള്‍ നല്‍കുമെന്നും അബുദാബി പൊലീസ് അറിയിച്ചു.റോഡുകള്‍ മത്സരയോട്ടം പോലുള്ളവ നടത്തിയാല്‍ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

വാഹനങ്ങളില്‍ നിന്ന് അമിതമായ ശബ്‍ദമുണ്ടാക്കുക, വേഗതയോ ശബ്‍ദമോ കൂട്ടുന്നതിനായി വാഹനങ്ങളില്‍ മാറ്റം വരുത്തുക തുടങ്ങിയവയ്‍ക്കും ശിക്ഷ ലഭിക്കും. വാഹനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്ക് നവംബര്‍ 25 മുതല്‍ ഡിസംബര്‍ ആറ് വരെയാണ് അതിന് അനുമതിയുള്ളത്.വാഹനങ്ങളില്‍ ഒരു സമയം മൂന്ന് യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ഡ്രൈവറും യാത്രക്കാരും മാസ്‍ക് ധരിച്ചിരിക്കണം.

എല്ലാവരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ച് വാഹനങ്ങള്‍ക്ക് അകത്ത് തന്നെയിരിക്കണം. റൂഫ് ടോപ്പുകളിലോ വിന്‍ഡോകളിലോ ഇരുന്നോ നിന്നോ യാത്ര ചെയ്യാന്‍ പാടില്ല. വാഹനങ്ങളുടെ നിറം മാറ്റാനോ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാനോ പാടില്ല. പൊതു സ്ഥലങ്ങളില്‍ സ്‍പ്രേ പെയിന്റ് കാനുകളോ സ്‍നോ ഫോം പോലുള്ളവയോ ഉപയോഗിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!