തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പെരുമാറ്റ ചട്ടം കര്‍ശനമായും പാലിക്കണം

0

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണം പെരുമാറ്റ ചട്ടം കര്‍ശനമായും പാലിച്ചുകൊണ്ടാവണമെന്ന് ജില്ലാ കലക്ടറും തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ സാംബശിവ റാവു അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ (കൊടി, ബാനര്‍, പോസ്റ്റര്‍, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാന്‍ പാടില്ല. ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദം കൂടാതെ കൊടിമരം നാട്ടുന്നതിനോ ബാനറുകള്‍ കെട്ടുന്നതിനോ പരസ്യം ഒട്ടിക്കുന്നതിനോ മുദ്രവാക്യങ്ങള്‍ എഴുതുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല.

സര്‍ക്കാര്‍ ഓഫീസുകളിലും കോമ്പൗണ്ടിലും പരിസരത്തും ചുവര്‍ എഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ ബാനര്‍, കട്ട് ഔട്ട് തുടങ്ങിയവ സ്ഥാപിക്കാനോ അനുവദനീയമല്ല. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോര്‍ഡുകളും മറ്റ് പ്രചരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കില്‍ അവിടെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും തുല്യഅവസരം നല്‍കണം. പരസ്യങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുന്നതാണ്.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യങ്ങള്‍ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യേണ്ടതാണ്. നോട്ടീസ് ലഭിച്ചിട്ടും അവ നീക്കം ചെയ്തില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടപടി സ്വീകരിക്കുകയും അതിനു വേണ്ടി വരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചരണങ്ങള്‍ക്കോ റാലികള്‍ക്കോ ഉപയോഗിക്കാന്‍ പാടില്ല.

മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണം. അച്ചടിക്കുന്നതിനു മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ട് ആളുകള്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം പ്രസ്സുടമ നല്‍കണം. അച്ചടിച്ച ശേഷം പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചു നല്‍കണം. വ്യവസ്ഥ ലംഘക്കുകയാണെങ്കില്‍ ആറു മാസത്തോളം ലഭിക്കാവുന്ന തടവുശിക്ഷയോ 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടുന്ന കുറ്റവുമായിരിക്കും

Leave A Reply

Your email address will not be published.

error: Content is protected !!